കേരളം

kerala

ETV Bharat / state

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ് ; പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി - murder

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. ശിക്ഷയിന്മേലുള്ള അന്തിമവാദം ഈ മാസം 29 ന്. ഒരു കുടുംബത്തെയാകെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ.

മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ്  ankamali murder case  culprit babu  murder  eranakulam
അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു

By ETV Bharat Kerala Team

Published : Jan 24, 2024, 4:19 PM IST

എറണാകുളം : അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു (41) കുറ്റക്കാരനെന്ന് വിചാരണ കോടതി. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടത്തിയത്. കൊലപാതകവും കൊലപാതക ശ്രമവുമുൾപ്പടെ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. ശിക്ഷയിന്മേലുള്ള അന്തിമവാദം ഈ മാസം 29 ന് നടക്കും. തുടർന്നായിരിക്കും കോടതി പ്രതിക്കെതിരായ ശിക്ഷ വിധിക്കുക.

സ്വത്ത് തർക്കത്തെ തുടർന്നാണ് അങ്കമാലി മൂക്കന്നൂരിൽ മൂത്ത സഹോദരനെയും ഭാര്യയെയും അവരുടെ മകളെയും ബാബു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സ്‌മിതയുടെ രണ്ട് കുട്ടികൾക്കും വെട്ടേറ്റിരുന്നു. ഇവർ ഓടി മാറിയതിനാലാണ് രക്ഷപ്പെട്ടത്.

നാടിനെ നടുക്കിയ അരുംകൊലപാതകത്തിൽ അഞ്ചു വർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2018 ഫെബ്രുവരി 12 ന് വൈകുന്നേരം 5:45 നായിരുന്നു പ്രതി ബാബുവിന്‍റെ വെട്ടേറ്റ് സഹോദരൻ ശിവൻ(61), ഭാര്യ വത്സല (58) മകൾ സ്‌മിത (33) എന്നിവർ കൊല്ലപ്പെട്ടത്.

കുടുംബസ്വത്ത് വീതംവെയ്ക്കുന്നതുമായി ബന്ധപ്പെട്ട വിൽപ്പത്രത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. ബാബുവും സഹോദരനും തമ്മിൽ കുടുംബ സ്വത്ത് വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. തൊട്ടടുത്ത വീടുകളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പ്രതി തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട ഭൂമിയിൽ നിന്ന് സഹോദരൻ ഒരു മരം മുറിച്ചതായിരുന്നു പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.

സഹോദരൻ ശിവനെ വീട്ടു മുറ്റത്ത് വെച്ചും, ഭാര്യ വത്സലയെ വീട്ടിനകത്ത് വെച്ചും, ഇവരുടെ മകൾ സ്‌മിതയെ കുളിമുറിയിൽ വെച്ചുമാണ് പ്രതി മൂർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ചതോടെയായിരുന്നു ഇവരുടെ രണ്ട് മക്കൾക്കും വെട്ടേറ്റത്. ഭർത്താവിന്‍റെ വീട്ടിൽ നിന്നും സ്‌മിത അവധിയാഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴായിരുന്നു സ്വന്തം പിതാവിന്‍റെ സഹോദരന്‍റെ കൊലക്കത്തിക്ക് ഇരയായത്.

സംഭവ സ്ഥലത്ത് നിന്നും ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട പ്രതി തൃശൂരിൽ പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരും അങ്കമാലി പൊലീസും ചേർന്ന് പ്രതിയെ പിടികൂടി. അങ്കമാലി പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌ത് കുറ്റപത്രം സമർപ്പിച്ചത്. ഒരു കുടുംബത്തെയാകെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.

ABOUT THE AUTHOR

...view details