കേരളം

kerala

ETV Bharat / state

അമ്പലമുക്ക് വിനീത കൊലപാതകം: പ്രതിയെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിട ഉടമ - AMBALAMUKKU MURDER CASE - AMBALAMUKKU MURDER CASE

വിനീത കൊലപാതക കേസിൽ പ്രതി രാജേന്ദ്രനെതിരെ സാക്ഷിമൊഴി. 2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ ചെടിക്കടയിൽ ജോലി ചെയ്യുന്ന വിനീതയെ രാജേന്ദ്രൻ കുത്തി കൊലപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടെ ആയിരുന്നു കൊലപാതകം.

അമ്പലമുക്ക് വിനീത കൊലപാതകം  VINEETHA MURDER CASE  വിനീത കൊലപാതക കേസ്  കവർച്ച ശ്രമത്തിനിടെ കൊലപാതകം
Thiruvananthapuram District Court & Vineetha (ETV Bharat)

By ETV Bharat Kerala Team

Published : Jul 3, 2024, 7:05 AM IST

തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രനെതിരെ മൊഴി രേഖപ്പെടുത്തി സാക്ഷി. പ്രതി താമസിച്ചിരുന്ന വാടക മുറിക്ക് സമീപം താമസിക്കാൻ അയൽവാസികൾ ഭയന്നിരുന്നെന്നാണ് കെട്ടിട ഉടമ മൊഴി നൽകിയത്. പ്രതി നൽകിയ വാടക പൊലീസിന് മുമ്പിൽ ഹാജരാക്കിയതായും സാക്ഷി. കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് ഏഴാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി പ്രസൂന്‍ മോഹനന് മുന്നില്‍ മൊഴി നല്‍കിയത്.

തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് കവർച്ച ശ്രമത്തിനിടെ പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പന ശാലയിലെ ജീവനക്കാരി വിനീതമോളെ കുത്തി കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി ആറിനാണ് കേസിനാസ്‌പദമായ സംഭവം. വിനീതയുടെ നാലര പവന്‍റെ മാല മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്.

2021 ഡിസംബറില്‍ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ച് പോകുന്നുവെന്ന് പറഞ്ഞ് പോയ പ്രതി 2022 ഫെബ്രുവരി 10നാണ് പിന്നീട് എത്തുന്നത്. 9,000 രൂപ വാടക ഇനത്തില്‍ തന്നു. പിന്നീട് ഫെബ്രുവരി 11നാണ് ഇയാളെ കേരള പൊലീസ് പിടികൂടുന്നത്. രാജേന്ദ്രന്‍റെ മുറിയിൽ നടത്തിയ പരിശോധനയിൽ ഭാരത് ഫൈനാന്‍സില്‍ സ്വര്‍ണം പണയം വച്ചതിന്‍റെ രേഖകളും പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ച രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

2022 ഫെബ്രുവരി ഏഴിന് പ്രതി ബാങ്കില്‍ 32,000 രൂപ നിക്ഷേപിച്ചതായും വലത് കൈയില്‍ പരിക്ക് ഉണ്ടായിരുന്നതിനാല്‍ മറ്റൊരു ഇടപാടുകാരനെ കൊണ്ട് പേയിങ് സ്ലിപ്പ് എഴുതിച്ചതായും പെരുങ്കുഴി ഇന്ത്യന്‍ ബാങ്ക് മാനേജര്‍ മയില്‍ വാഹനനും കോടതിയില്‍ മൊഴി നല്‍കി. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ സാക്ഷി തിരിച്ചറിഞ്ഞു.

തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ക്രിമിനൽ കേസുകൾ ഉള്ള രാജേന്ദ്രൻ തമിഴ്‌നാട് പൊലീസിന്‍റെ കൊടും കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആളാണ്. തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫിസറെയും മൂന്ന് അംഗകുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തില്‍ കഴിയവെയാണ് വിനീതയെ കൊലപ്പെടുത്തിയത്.

Also Read: കാസർകോട് രണ്ടിടങ്ങളിലായി രണ്ട് പേര്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

ABOUT THE AUTHOR

...view details