തിരുവനന്തപുരം:ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിലെ പ്രധാന പ്രതിസന്ധി മാലിന്യം ഖരരൂപത്തിൽ കെട്ടികിടക്കുന്നതാണെന്ന് ഉന്നത തല യോഗത്തില്‍ വിലയിരുത്തൽ. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ജില്ല കലക്‌ടർ, ഫയർ ഫോഴ്‌സ്, ഡിജിപി, റെയിൽവേ അധികൃതർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ തിരുവനന്തപുരം റെയിൽവെ മീറ്റിങ് റൂമിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ.
രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴും ജോയിയുടെ ഒരു വിവരവും കണ്ടെത്താനായിട്ടില്ല. ഫയർ ഫോഴ്‌സ്-നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്‌സ് എന്നിവരുടെ സ്‌കൂബ ഡൈവിങ് സംഘം ജോയിയെ കാണാതായ തമ്പാനൂർ ഭാഗത്തും മറു വശമായ ചാല ഭാഗത്തും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഫയർ ഫോഴ്‌സ് കണ്ട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
റെയിൽവേ ട്രാക്കിനടിയിലൂടെ പോകുന്ന ആമയിഴഞ്ചാൻ തോട് പല ഡക്‌ടുകളിലേക്കായി തിരിയുന്നുവെന്നും പലയിടത്തും വെള്ളമില്ലാതെ ഖരരൂപത്തിൽ മാലിന്യം കെട്ടി കിടക്കുന്നതാണ് പ്രധാന പ്രതിസന്ധിയെന്നും ഫയർ ഫോഴ്‌സ് ഡിജിപി പദ്‌മകുമാർ യോഗത്തിന് ശേഷം പ്രതികരിച്ചു.