ഉപതെരഞ്ഞടുപ്പ് ചൂടില്‍ വയനാട് (ETV Bharat) വയനാട്: കാലവര്‍ഷം കലിതുളളുന്ന വയനാട്ടില്‍ റെഡ് അലര്‍ട്ടാണ്. പക്ഷേ എന്ന് നടക്കുമെന്ന് ഉറപ്പില്ലാത്ത ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായില്ലെങ്കിലും അതീവ ജാഗ്രതയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസ് ജില്ല ഘടകം.
പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ഏഴ് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം വേണമെന്ന എഐസിസി നിര്‍ദേശം നേതാക്കള്‍ക്ക് ലഭിച്ചുക്കഴിഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദേശം നടപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അരയും തലയും മുറുക്കി കീഴ്ഘടകങ്ങളെ സജീവമാക്കുകയാണ്. ആദ്യ ഘട്ടത്തില്‍ നിയമസഭ മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ പൂര്‍ത്തീകരിക്കുകയും പോഷക സംഘടനകളുടെ യോഗങ്ങള്‍ അതിവേഗം നടത്തുകയുമാണ്.
ഇനി മണ്ഡലം തലത്തില്‍ യോഗങ്ങള്‍ നടക്കും. അണികളുടെ ക്രിയാത്മക വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും കേട്ടുകൊണ്ട് പോരായ്‌മകള്‍ പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ല നേതൃത്വങ്ങളും മണ്ഡലം, നിയോജകമണ്ഡലം കമ്മിറ്റികളും കീഴ്ഘടകങ്ങളെ സജീവമാക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകിയെന്ന വിമര്‍ശനം നേതൃത്വം ഉള്‍ക്കൊള്ളുന്നുണ്ട്.
രാഹുലിന് വയനാട്ടില്‍ പ്രതീക്ഷിച്ച അത്ര വോട്ടുകള്‍ നേടിയെടുക്കാനായില്ലെന്ന സ്വയം വിമര്‍ശനവും നേതൃത്വം ഉള്‍ക്കൊണ്ടിട്ടുണ്ട്. പ്രിയങ്കാഗാന്ധിക്ക് ആറ് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറപ്പാണ് ലോക്‌സഭ മണ്ഡലം നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നല്‍കുന്ന ഉറപ്പ്. എന്നാല്‍ ഏഴ് ലക്ഷം ഭൂരിപക്ഷമെന്ന നിര്‍ദേശത്തില്‍ ഉറച്ചാണ് എഐസിസി പ്രിയങ്കാഗാന്ധി മത്സരിക്കുമെന്ന അറിയിപ്പ് വന്നതോടെ കോണ്‍ഗ്രസിന്‍റെ കീഴ്ഘടകങ്ങള്‍ ജില്ലാ തലം വരെ ഉണര്‍ന്നിരിക്കയാണ്.
കര്‍ഷക കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് എന്നീ പോഷക സംഘടനകളുടെ യോഗങ്ങള്‍ ദൈനംദിനം നടന്നുവരുന്നു. അണികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അഞ്ച് ജില്ല സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കിലും പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.
പ്രിയങ്ക മത്സരിക്കുന്നതിലൂടെ ആ പോരായ്‌മ പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് നേതൃത്വമുള്ളത്. എഐസിസി നിര്‍ദേശ പ്രകാരമുളള ഭൂരിപക്ഷം ലഭിക്കാന്‍ കോണ്‍ഗ്രസും മുന്നണിയും നേരത്തെ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. കനത്ത മഴയുണ്ടെങ്കിലും പ്രിയങ്കയുടെ വരവ് വിളിച്ചോതുന്ന പ്രാഥമിക പ്രചാരണ ബോര്‍ഡുകള്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാപിച്ചു കഴിഞ്ഞു. നിലവിലുള്ള എംപി രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള പ്രിയങ്കയുടെ ബോര്‍ഡുകളാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.
2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 7,06,367 വോട്ട് നേടിയിരുന്നു. 4,31,770 ആയിരുന്നു രാഹുലിന്‍റെ ഭൂരിപക്ഷം. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിന് നേരിയ ഇടിവുണ്ടായി. 6,47,445 വോട്ടാണ് രാഹുല്‍ നേടിയത്. ഭൂരിപക്ഷം 3,64,422 ആയി. എതിരാളിയായ ആനി രാജയ്‌ക്ക് 2,83,023 വോട്ടുകളാണ് ലഭിച്ചത്.
എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ നിന്നും ഒരു ശതമാനത്തിലേറെ കൂടുതല്‍ വോട്ടും 10,000 ത്തോളം വോട്ടുകളും കൂടുതലായി ലഭിച്ചു. ഇത്തവണ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇതെല്ലാം മറികടന്ന് 6,00,000 ത്തിന് മുകളിലെങ്കിലും പ്രിയങ്കാഗാന്ധിയുടെ ഭൂരിപക്ഷം എത്തിക്കണമെന്നാണ് ലോക്‌സഭ മണ്ഡലം യുഡിഎഫ് നേതൃത്വം കണക്കാക്കുന്നത്. കഴിഞ്ഞ തവണ വൈകി മാത്രമാണ് മുന്നണിയും സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയും രംഗത്തിറങ്ങിയതെങ്കില്‍ ഇത്തവണ ആദ്യം ഇറങ്ങി എതിരാളികളെ അടിയറവ് പറയിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസും യുഡിഎഫും.
ALSO READ:'പ്രിയങ്കയുടെ വരവില്‍ ജനങ്ങള്‍ ആവേശത്തിലാണ്, ഇത് കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാക്കും': രമേശ് ചെന്നിത്തല