കോഴിക്കോട് :സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന ഫറോക്ക് ചുള്ളിപ്പറമ്പിലെ കൊയ്ത്തല പാടത്ത് ചെമ്മണ്ണ് നിറഞ്ഞതോടെയാണ് പ്രദേശത്തെ യുവതലമുറ ഒരു തീരുമാനമെടുത്തത്. ഇനി മുതൽ ഒരുതുള്ളി ചെമ്മണ്ണ് പോലും പാടത്തെ ചെളിയിൽ വീഴരുതെന്ന ഉറച്ച തീരുമാനം. അതിനൊരു പ്രതിവിധിയും ഇവർ തന്നെ കണ്ടെത്തി.
കൊയ്ത്തല പാടത്ത് നെല്ല് വിതച്ച് പഴയ കാർഷിക പെരുമ തിരിച്ചെത്തിക്കണമെന്ന്. പിന്നെ കാത്തിരുന്നില്ല ഇലവ് എന്ന പേരിൽ ഇരുപത്തൊന്ന് പേർ അടങ്ങുന്ന ഒരു കാർഷിക കൂട്ടായ്‌മ രൂപീകരിച്ചു. ഇന്ന് നിറസമൃദ്ധമാണ് സ്വർണ്ണക്കതിരണിഞ്ഞ നെൽകൃഷിയാൽ കൊയ്ത്തല പാടം.
പ്രദേശത്തെ പാരമ്പര്യ കർഷകരാണ് ഇവർക്കു വേണ്ട എല്ലാ പിന്തുണകളുമായി മുന്നിൽ നിൽക്കുന്നത്. ഇരുപത്തി ഒന്ന് അംഗങ്ങളും ഊഴം വെച്ചാണ് കൃഷിയെ പരിചരിക്കുന്നത്. ഇത്തവണ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും എത്തിച്ച കാഞ്ചന ഇനത്തിൽപ്പെട്ട അത്യുൽപാദനശേഷിയുള്ള നെല്ലാണ് കൃഷിക്കായി ഇറക്കിയത്. 120 ദിവസത്തെ മൂപ്പെത്തിയ നെൽകൃഷി വിളവെടുപ്പിന് പാകമായിട്ടുണ്ട്.