കോഴിക്കോട്: കടകളുടെയും ഓഫിസുകളുടെയും പൂട്ട് പൊളിച്ച് മോഷണം നടത്തുന്ന ചേളന്നൂർ സ്വദേശി പിടിയിൽ. ചേളന്നൂർ ഉരുളു മലയിൽ ഷാനു എന്ന ഷാഹിദ് (20) ആണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ടി പി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും (ഡിസ്ട്രിക്‌ട് ആന്‍റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ്), ടൗൺ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
മിഠായി തെരുവിലെ ഏതാനും കടകളുടെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷാഹിദ് പിടിയിലാവുന്നത്. മിഠായി തെരുവ് ഗ്രാൻ്റ് ബസാറിലെ തുണി കടകളായ ക്രൗൺസ്, ടെനോറിസ് എന്നീ സ്ഥാപനങ്ങളിലെ ചില്ല് തകർത്ത് പണവും, സ്ഥാപനത്തിലെ സി സി ടി വിയുടെ ഹാർഡ് ഡിസ്ക്കും മോഷണം നടത്തിയതും ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഫിസുകൾ, ക്ലിനിക്കുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയതിൽ കാക്കൂർ സ്റ്റേഷനിലെ അഞ്ച് കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.