ബെംഗളൂരു:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിലേക്ക് കടന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് യാഷ് ദയാല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ അവസാന ഓവറില്‍ 17 റണ്‍സ് പ്രതിരോധിച്ചാണ് ദയാല്‍ ആര്‍സിബിയ്‌ക്ക് പ്ലേഓഫ് ടിക്കറ്റ് നേടിക്കൊടുത്തത്. സാക്ഷാല്‍ എംഎസ് ധോണിയുടെ വിക്കറ്റും ഇതേ ഓവറില്‍ തന്നെ സ്വന്തമാക്കാൻ ദയാലിനായി.
അവസാന ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയ്‌ക്ക് ജയം സമ്മാനിച്ചതോടെ യാഷ് ദയാലിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍, കഴിഞ്ഞ താരലേലത്തില്‍ അഞ്ച് കോടിയ്‌ക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസ് റിലീസ് ചെയ്‌ത താരത്തെ സ്വന്തമാക്കിയപ്പോള്‍ കേട്ട പരിഹാസങ്ങളെ കുറിച്ചാണ് യാഷിന്‍റെ അച്ഛന് പറയാനുള്ളത്.
'യാഷ് അഞ്ച് സിക്‌സ് വഴങ്ങിയതിനെ പരിഹസിച്ചുകൊണ്ട് എനിക്ക് അറിയുന്ന ഒരാള്‍ തന്നെ വാട്‌സ്‌ആപ്പില്‍ ഒരു മീം പങ്കിട്ടിരുന്നു. പ്രയാഗ്‌രാജ് എക്‌സപ്രസ് യാത്ര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിച്ചു എന്ന് അദ്ദേഹം മീമില്‍ ചേര്‍ത്തിരുന്നത് ഞാൻ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
പിന്നീടും പരിഹാസങ്ങള്‍ ഒരുപാട് തവണയുണ്ടായി. ഞങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ പോലും ഉപേക്ഷിക്കേണ്ടി വന്നു. അവനെ ആര്‍സിബി അഞ്ച് കോടി രൂപയ്‌ക്ക് സ്വന്തമാക്കിയപ്പോള്‍ ടീം ഇത്രയും വലിയ തുക അഴുക്ക് ചാലില്‍ എറിഞ്ഞെന്ന് പലരും പറഞ്ഞിട്ടുണ്ട്'- യാഷ് ദയാലിന്‍റെ അച്ഛൻ ചന്ദര്‍പാല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റൻസിന്‍റെ താരമായിരുന്നു യാഷ് ദയാല്‍. ഗുജറാത്തും കൊല്‍ക്കത്തയും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന ലീഗ് മത്സരത്തോടെയാണ് ദയാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ മത്സരത്തിന്‍റെ അവസാന ഓവറില്‍ ജയം പ്രതീക്ഷിച്ച ഗുജറാത്തിന് 29 റണ്‍സായിരുന്നു പ്രതിരോധിക്കേണ്ടിയിരുന്നത്.
എന്നാല്‍, റിങ്കു സിങ് എന്ന താരത്തിന്‍റെ ഉദയം ക്രിക്കറ്റ് ലോകം കണ്ട ആ മത്സരത്തില്‍ 29 എന്ന വമ്പന്‍ സ്കോര്‍ പ്രതിരോധിക്കാൻ ഇടം കയ്യൻ പേസറായ ദയാലിന് സാധിച്ചില്ല. ഒരു ഓവറില്‍ വഴങ്ങിയത് അഞ്ച് സിക്‌സറുകള്‍. ഈ മത്സരം യാഷ് ദയാലിനെ ശാരീരികമായും മാനസികമായും തന്നെ തളര്‍ത്തിയിരുന്നു. ഒരു മോശം ദിവസത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ഗുജറാത്ത് ടൈറ്റൻസില്‍ താരത്തിന് അവസരങ്ങള്‍ കുറയുകയും ഒടുവില്‍ അവര്‍ ടീമില്‍ നിന്നും തന്നെ റിലീസ് ചെയ്യുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്നോടിയായി നടന്ന താരലേത്തിലായിരുന്നു ആര്‍സിബി ദയാലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒരു ഓവറില്‍ അഞ്ച് സിക്‌സറുകള്‍ വഴങ്ങിയ താരത്തെ പൊതുവെ ചെണ്ടകളുടെ കൂട്ടം എന്ന വിശേഷണം ഉള്ള ബെംഗളൂരു അഞ്ച് കോടി മുടക്കി സ്വന്തമാക്കിയത് ആരാധകരെ പോലും തൃപ്‌തിപ്പെടുത്തുന്നതായിരുന്നില്ല. എന്നാല്‍, ബെംഗളൂരുവിനായി കളത്തിലിറങ്ങിയ ആദ്യ മത്സരം മുതല്‍ തന്നെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി പറയാൻ ദയാലിനായിരുന്നു...
Also Read :സീറോയില്‍ നിന്നും ഹീറോയിലേക്ക്, യാഷ് ദയാലിന്‍റെ 'റോയല്‍ കം ബാക്ക്' - Yash Dayal Comeback In IPL