ഷാർജ (യുഎഇ): വനിതാ ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിന് ദാരുണ പരാജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹർമൻപ്രീത് കൗറിന്‍റെ ഇന്ത്യക്ക് 142 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. അപ്രതീക്ഷിത തോൽവി ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി. ഇനി മറ്റു ടീമുകളുടെ ജയപരാജയമായിരിക്കും ഇന്ത്യയുടെ സെമിയിലേക്കുള്ള കവാടം തുറക്കുക.
സെമിയിലെത്താൻ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരായ പാക്കിസ്ഥാന്‍റെ വിജയം ആവശ്യമാണ്. എന്നാല്‍ സെമിയിലെത്താനുള്ള പാക്കിസ്ഥാന്‍റെ പ്രതീക്ഷകളും ഇതുവരെ അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 4 മത്സരങ്ങളിൽ 2 എണ്ണം വിജയിച്ചു. നിലവിൽ ന്യൂസിലൻഡിനേക്കാൾ മികച്ച റൺ റേറ്റ് ഇന്ത്യയ്‌ക്കുണ്ട്.
പക്ഷെ ന്യൂസിലൻഡ് അടുത്ത കളിയില്‍ വിജയിച്ചാല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. തോറ്റാല്‍ കിവി ടീമിന് പണിക്കിട്ടും. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ന്യൂസിലൻഡ് സമനില നേടിയാലും സൂപ്പർ ഓവറിൽ തോറ്റാലും കിവീസിന്‍റെ നെറ്റ് റൺ റേറ്റ് ഇന്ത്യയേക്കാൾ കുറവായിരിക്കും.