ട്രിനിഡാഡ്:ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസും സൂപ്പര്‍ എട്ടില്‍. കരുത്തരായ ന്യൂസിലൻഡിനെ തകര്‍ത്താണ് വിൻഡീസിന്‍റെ മുന്നേറ്റം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാൻ ലാറ അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിനായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ജയം പിടിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന്‍റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 136 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയതോടെ കിവീസിന്‍റെ സൂപ്പര്‍ എട്ട് മോഹങ്ങളും തുലാസിലായി.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് തോല്‍വി വഴങ്ങിയ സാഹചര്യത്തില്‍ സൂപ്പര്‍ എട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ന്യൂസിലന്‍ഡിന് ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമായിരുന്നു. അതുകൊണ്ട് തന്നെ മത്സരത്തില്‍ ടോസ് നേടിയ അവര്‍ ആതിഥേയരായ വിൻഡീസിനെ ബാറ്റിങ്ങിനയച്ചു. മികച്ച തുടക്കമാണ് ബൗളര്‍മാര്‍ കിവീസിന് സമ്മാനിച്ചത്.
സ്കോര്‍ ബോര്‍ഡിലേക്ക് 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ തന്നെ വിന്‍ഡീസിന്‍റെ അഞ്ച് ബാറ്റര്‍മാരെ കിവീ ബൗളര്‍മാര്‍ കൂടാരം കയറ്റി. ജോണ്‍സണ്‍ ചാള്‍സ് (0), നിക്കോളസ് പുരാൻ (17), റോസ്റ്റണ്‍ ചേസ് (0), റോവ്മാൻ പവല്‍ (1), ബ്രാൻഡൻ കിങ് (9) എന്നിവരുടെ വിക്കറ്റാണ് തുടക്കത്തില്‍ വിൻഡീസിന് നഷ്‌ടമായത്. ആറാം നമ്പറില്‍ ഇറങ്ങിയ ഷെര്‍ഫെയ്‌ൻ റൂതര്‍ഫോര്‍ഡിന്‍റെ പ്രകടനമായിരുന്നു വിന്‍ഡീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
മറ്റ് താരങ്ങള്‍ പരാജയപ്പെട്ടിടത്ത് റൂതര്‍ഫോര്‍ഡ് പുറത്താകാതെ 39 പന്തില്‍ 68 റണ്‍സ് നേടി. അകീല്‍ ഹൊസൈൻ (15), ആന്ദ്രേ റസല്‍ (14), റൊമാരിയോ ഷെഫേര്‍ഡ് (13), അല്‍സാരി ജോസഫ് (6), ഗുഡകേഷ് മോട്ടി (0*) എന്നിങ്ങനെയാണ് മറ്റ് വിന്‍ഡീസ് താരങ്ങളുടെ സ്കോറുകള്‍. ന്യൂസിലന്‍ഡിനായി ട്രെന്‍റ് ബോള്‍ട്ട് മൂന്നും ടിം സൗത്തി, ലോക്കി ഫെര്‍ഗൂസൻ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളുമാണ് നേടിയത്.
33 പന്തില്‍ 40 റണ്‍സ് നേടിയ ഗ്ലെൻ ഫിലിപ്‌സിന്‍റെ പ്രകടനം മാത്രമായിരുന്നു മറുപടി ബാറ്റിങ്ങില്‍ കിവീസ് നിരയില്‍ എടുത്ത് പറയാനുണ്ടായിരുന്നത്. ഡെവോണ്‍ കോണ്‍വെ (5), ഫിൻ അലൻ (26), രചിൻ രവീന്ദ്ര (10), കെയ്‌ൻ വില്യംസണ്‍ (1), ഡാരില്‍ മിച്ചല്‍ (12), ജിമ്മി നീഷം (10), മിച്ചല്‍ സാന്‍റ്‌നര്‍ (21*), ടിം സൗത്തി (0), ട്രെന്‍റ് ബോള്‍ട്ട് (7), ലോക്കി ഫെര്‍ഗൂസൻ (0*) ഇങ്ങനെയായിരുന്നു മറ്റ് കിവീസ് താരങ്ങളുടെ സ്കോറുകള്‍. നാല് വിക്കറ്റെടുത്ത അല്‍സാരി ജോസഫിന്‍റെയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ഗുഡകേഷ് മോട്ടിയുടെയും പ്രകടനമായിരുന്നു കിവീസിനെ എറിഞ്ഞിട്ടത്.
Also Read :'കോലി കളിക്കേണ്ടത് ഓപ്പണറായല്ല'; രോഹിതിനൊപ്പം എത്തേണ്ടത് മറ്റൊരു താരമെന്ന് മുഹമ്മദ് കൈഫ് - Mohammed Kaif On Virat Kohli