മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇതേവരെ കളിച്ച രണ്ട് മത്സരങ്ങളിലും യുവതാരം പൃഥ്വി ഷായ്‌ക്ക് അവസരം ലഭിച്ചിരുന്നില്ല. പകരം റിക്കി ഭുയിയാണ് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്. എന്നാല്‍ ലഭിച്ച രണ്ട് അവസരങ്ങളും മുതലാക്കാന്‍ കഴിയാതിരുന്ന ഭുയി 3,0 എന്നിങ്ങനെയാണ് നേടാന്‍ കഴിഞ്ഞത്.
ഇതിന് പിന്നാലെ പൃഥ്വി ഷായെ പുറത്തിരുത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരം ടോം മൂഡി. 24-കാരന് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കാതിരിക്കുന്ന മാനേജ്‌മെന്‍റ് തീരുമാനം തനിക്ക് മനസിലാവുന്നില്ലെന്നാണ് ഓസീസ് മുന്‍ താരം പറയുന്നത്.
ഡല്‍ഹിയുടെ അടുത്ത മത്സരങ്ങളില്‍ പൃഥ്വി ഷായെ കളിപ്പിക്കണം. ഡഗൗട്ടില്‍ ഇരുന്നുകൊണ്ട് താരത്തിന് റണ്‍സ് നേടാന്‍ കഴില്ല. ഐപിഎല്ലിന്‍റെ സമീപകാല സീസണുകളിൽ അത്ര മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പരിചയം കണക്കിലെടുത്ത് റിക്കി ഭുയിക്ക് പകരം പൃഥ്വി ഷായെ ഡല്‍ഹി കളിപ്പിക്കണമെന്നും ടോം മൂഡി പറഞ്ഞു.
"ഒരു ഇന്ത്യന്‍ ഇന്‍റര്‍നാഷണിലിനെ (പൃഥ്വി ഷാ) ഡഗൗട്ടിൽ ഇരുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. നമ്മള്‍ എല്ലാവരും പ്രതീക്ഷിച്ച പോലെ ഐപിഎല്ലിൽ അത്ര മികച്ച പ്രകടനം നടത്താന്‍ അവന് കഴിഞ്ഞിട്ടില്ല എന്നത് വാസ്‌തവം തന്നെയാണ്. എന്നാല്‍ ഡഗൗട്ടിൽ ഇരുന്നുകൊണ്ട് ആര്‍ക്കും റണ്‍സടിക്കാന്‍ കഴിയില്ല"- ടോം മൂഡി പറഞ്ഞു.