മുംബൈ : ക്രിക്കറ്റ് ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്‌മാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായി ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ താരതമ്യം ചെയ്യുന്നതിനുള്ള സമയം ആയിട്ടില്ലെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇരട്ടസെഞ്ച്വറിയടിച്ച് ഏവരുടെയും പ്രശംസയേറ്റുവാങ്ങാന്‍ നേരത്തെ ജയ്‌സ്വാളിനായിരുന്നു. ഈ പ്രകടനത്തിന് പിന്നാലെയായിരുന്നു പല മുൻ താരങ്ങളും ജയ്‌സ്വാളിനെ ഇതിഹാസ താരങ്ങളുമായി താരതമ്യപ്പെടുത്തി രംഗത്തെത്തിയത് (Virender Sehwag On Yashasvi Jaiswal).
'അവന്‍ വളരെ നല്ലൊരു ബാറ്ററാണ്. എന്നാല്‍, ഈ താരതമ്യപ്പെടുത്തലുകളെല്ലാം വളരെ നേരത്തെയാണ് എന്നാണ് എനിക്ക് തോന്നുന്നത്'- എന്നായിരുന്നു സെവാഗ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 290 പന്ത് നേരിട്ട് 209 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്.
പ്രധാനപ്പെട്ട ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ച്വറി പ്രകടനമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഈ സാഹചര്യത്തിലായിരുന്നു മുന്‍ താരങ്ങള്‍ ജയ്‌സ്വാളിനെ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുമായി താരതമ്യപ്പെടുത്തിയത്. ഇതിനെതിരെ മുന്‍ താരം ഗൗതം ഗംഭീറും നേരത്തെ രംഗത്തെത്തിയിരുന്നു. ജയ്‌സ്വാളിനെ പുകഴ്‌ത്തി യുവതാരത്തിന്‍റെ കരിയര്‍ നശിപ്പിക്കരുതെന്നായിരുന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നത്. വിശാഖപട്ടണത്തെ ഇരട്ടസെഞ്ച്വറി പ്രകടനത്തിന് പിന്നാലെയായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.