മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് എതിരായ ആരാധക പ്രതിഷേധം അവസാനിക്കുന്നില്ല. വാങ്കഡെയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരായ മത്സരത്തിനിടെയും ഹാര്‍ദിക്കിന് ആരാധകരുടെ കൂവല്‍ നേരിടേണ്ടി വന്നു. മത്സരത്തില്‍ ബോള്‍ ചെയ്യാനെത്തിയപ്പോഴാണ് ഹാര്‍ദിക്കിനെതിരെ ആദ്യം ആരാധകരുടെ പരിഹാസം ഉയര്‍ന്നത്.
അതേസമയം തന്നെ ആരാധകര്‍ രോഹിത് ചാന്‍റുകള്‍ മുഴക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴും ആരാധകര്‍ മുംബൈ ക്യാപ്റ്റനെതിരെ തിരിഞ്ഞു. ഇതോടെ ബൗണ്ടറി ലൈനിന് അടുത്തുണ്ടായിരുന്ന വിരാട് കോലി വിഷയത്തില്‍ ഇടപെടുകയും ചെയ്‌തു. ഹാര്‍ദിക്കിന് എതിരെയുള്ള കൂവലുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട കോലി, അദ്ദേഹം ഒരു ഇന്ത്യന്‍ ക്രിക്കറ്റാണെന്നാണ് ആരാധകരെ ഓര്‍മ്മിപ്പിച്ചത്.
ഇതില്‍ പിന്നെ ആരാധകര്‍ ഹാര്‍ദിക് ചാന്‍റ് മുഴുക്കുകയും ചെയ്‌തു. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചുകൊണ്ടായിരുന്നു 30-കാരന്‍ ഇതിലുള്ള ആഹ്ലാദം പ്രകടിപ്പിച്ചത്. വാങ്കഡെയിലെ കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഇത്തവണ ടോസ് സമയത്ത് ആരാധകര്‍ ഹാര്‍ദിക്കിനെതിരെ നിന്നില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്ക് വിജയം നേടാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സായിരുന്നു നേടാന്‍ കഴിഞ്ഞത്. 40 പന്തില്‍ 61 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ടോപ് സ്‌കോററായി.
23 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്, 26 പന്തില്‍ 50 റണ്‍സടിച്ച രജത് പടിദാര്‍ എന്നിവരാണ് തിളങ്ങിയ മറ്റ് താരങ്ങള്‍. കോലിയ്‌ക്ക് (9 പന്തില്‍ 3) കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കോലിയെ ഉള്‍പ്പെടെ ഇരയാക്കി മുംബൈക്കായി ജസ്‌പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ബുംറയുടെ തിളക്കമാര്‍ന്ന പ്രകടനം. ഇതാദ്യമായാണ് ബെംഗളൂരുവിനെതിരെ ഒരു ബോളര്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.
ALSO READ: ആര്‍സിബിയ്‌ക്കെതിരായ 5 വിക്കറ്റ്; റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് ജസ്‌പ്രീത് ബുംറ - Jasprit Bumrah 5 Wicket Haul
മറുപടിക്ക് ഇറങ്ങിയ മുംബൈ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 34 പന്തില്‍ 69 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ ടോപ് സ്‌കോററായി. ഇഷാന് പുറമെ സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ചുറി നേടി. 19 പന്തില്‍ 52 റണ്‍സായിരുന്നു സൂര്യ അടിച്ച് കൂട്ടിയത്. രോഹിത് ശര്‍മയാണ് (24 പന്തില്‍ 38) പുറത്തായ മറ്റൊരു താരം. ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 21), തിലക് വര്‍മ (10 പന്തില്‍ 16) എന്നിവര്‍ പുറത്താവാതെ നിന്നു.