ഹൈദരാബാദ്: പാരീസ് ഒളിമ്പിക്‌സ് വനിതാ ഗുസ്‌തിയിൽ മെഡൽ നഷ്‌ടമായ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന്‍റെ ബ്രാൻഡ് മൂല്യം കുതിച്ചുയര്‍ന്നു. പാരീസ് ഒളിമ്പിക്‌സ് വരെ പരസ്യങ്ങളിൽ അഭിനയിക്കാനോ ചടങ്ങുകളില്‍ പങ്കെടുക്കാനോ താരം 25 ലക്ഷം രൂപ വരെയാണ് കൈപ്പറ്റാറുള്ളതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പാരീസ് ഒളിമ്പിക്‌സിന് ശേഷം പരസ്യങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാൻ വിനേഷ് 75 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. അതേ സമയം ഇന്ത്യന്‍ സുവര്‍ണ താരം നീരജ് ചോപ്രയുടെ ബ്രാൻഡ് മൂല്യം 30 മുതൽ 40 ശതമാനം വരെ വർധിച്ചതായി പറയപ്പെടുന്നു. ഷൂട്ടിങ്ങിൽ രണ്ട് മെഡലുകൾ നേടിയതോടെ മനു ഭാക്കറിന്‍റെ ബ്രാൻഡ് മൂല്യവും കുതിച്ചുയർന്നു. പാരീസ് ഒളിമ്പിക്‌സിന് മുമ്പ് 25 ലക്ഷം രൂപ വരെ വാങ്ങിയെങ്കിലും ഒളിമ്പിക്‌സിന് ശേഷം ഇത് 6 മടങ്ങ് വർധിച്ചു.
അടുത്തിടെ ഒരു പ്രമുഖ ശീതളപാനീയ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ട മനു ഒരു കോടി 50 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നേരത്തെ പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ടു.