ന്യൂഡൽഹി: അണ്ടർ 19 വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മത്സരങ്ങള്‍ ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെ മലേഷ്യയിൽ നടക്കും. ഏഷ്യാ കപ്പ് ജേതാവായ ടീം ക്യാപ്റ്റനായ നിക്കി പ്രസാദാണ് ലോകകപ്പ് ടീമിനേയും നയിക്കുക. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ആദ്യ അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം നിക്കിയുടെ നേതൃത്വത്തിൽ ഇന്ത്യ അടുത്തിടെ നേടിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2023ൽ ഷഫാലി വർമയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. ഏഷ്യാ കപ്പ് ജേതാക്കളായ ടീമിലെ വൈഷ്‌ണവി എസ് പ്രധാന ടീമിൽ ഇടം നേടിയപ്പോൾ റിസർവ് താരമായി നന്ദന എസും വൈസ് ക്യാപ്റ്റനായി സനിക ചാൽക്കെയും കമാലിനി, ഭവിക അഹിർ എന്നിവർ വിക്കറ്റ് കീപ്പർമാരായി ടീമിൽ ഇടം നേടി.
ടൂർണമെന്‍റില്‍ 4 ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലും 4 ടീമുകൾ ഉണ്ടാകും. ആതിഥേയരായ മലേഷ്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടംപിടിച്ചത്. ക്വാലാലംപൂരിലെ ബിയാമാസ് ഓവൽ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ. ജനുവരി 19ന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാൽ ഓരോ ഗ്രൂപ്പിൽ നിന്നും 3 ടീമുകൾ വീതം സൂപ്പർ-6 ലേക്ക് യോഗ്യത നേടും. സൂപ്പർ 6 ൽ 12 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഗ്രൂപ്പ് എയിലെയും ഡി ഗ്രൂപ്പിലെയും മികച്ച മൂന്ന് ടീമുകളാണ് ഗ്രൂപ്പ് 1 ന് ഉണ്ടാവുക. അതേസമയം ഗ്രൂപ്പ് ബിയിലെയും സി ഗ്രൂപ്പിലെയും മികച്ച മൂന്ന് ടീമുകളെയാണ് ഗ്രൂപ്പ് 2ൽ ഉൾപ്പെടുത്തുക.
സൂപ്പർ 6ൽ, ടീമുകൾ അവരുടെ മുൻ പോയിന്‍റുകൾ, വിജയങ്ങൾ, നെറ്റ് റൺ റേറ്റ് എന്നിവയുമായി മുന്നോട്ട് പോകും. കൂടാതെ ഓരോ ടീമും 2 മത്സരങ്ങൾ വീതം കളിക്കും. 2025 ജനുവരി 31 ന് നടക്കുന്ന സൂപ്പർ 6ന്‍റെ രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ടൂർണമെന്‍റിന്‍റെ ഫൈനൽ ഫെബ്രുവരി 2 ന് നടക്കും.
അണ്ടർ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം:-
നിക്കി പ്രസാദ് (ക്യാപ്റ്റൻ), സനിക ചാൽക്കെ (വൈസ് ക്യാപ്റ്റൻ), ജി തൃഷ, കമാലിനി ജി (വിക്കറ്റ് കീപ്പർ), ഭാവിക അഹിർ (വിക്കറ്റ് കീപ്പർ), ഈശ്വരി അവാസരെ, മിഥില വിനോദ്, ജോഷിത വി. ജെ, സോനം യാദവ്, പരിണീത സിസോദിയ, കേസരി ദൃഷ്ടി, ആയുഷി ശുക്ല, ആനന്ദിത കിഷോർ, എംഡി ഷബ്നം, വൈഷ്ണവി എസ്. റിസർവ് താരങ്ങൾ: നന്ദന എസ്, ഇറ ജെ, അനാദി ടി.
Also Read:പരിക്ക് വീണ്ടും വില്ലനായി; ഓസീസിനെതിരായ രണ്ട് ടെസ്റ്റുകളിലും മുഹമ്മദ് ഷമി പുറത്ത് - AUSTRALIA VS INDIA