ബെര്‍ലിൻ : അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ജര്‍മ്മനിയുടെ മധ്യനിര താരം ടോണി ക്രൂസ് (Toni Kroos) കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന യൂറോ കപ്പില്‍ (EURO 2024) കളിക്കുന്നതിനായാണ് താരം വിരമിക്കല്‍ തീരുമാനം പിൻവലിച്ച് ജര്‍മ്മൻ ടീമിലേക്ക് മടങ്ങിയെത്തുന്നത്. പരിശീലകൻ ജൂലിയൻ നാഗെല്‍സ്‌മാന്‍റെ അഭ്യര്‍ഥന മാനിച്ചാണ് താരം ദേശീയ ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്.
'മാര്‍ച്ച് മാസം മുതല്‍ ഞാൻ ജര്‍മ്മനിക്കായി വീണ്ടും കളത്തിലിറങ്ങും. ദേശീയ ടീമിന്‍റെ പരിശീലകനാണ് ഈ കാര്യം എന്നോട് ആവശ്യപ്പെട്ടത്. അതിനുവേണ്ടി മാനസികമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഞാൻ. യൂറോപ്യൻ ചാമ്പ്യൻഷിപ്പില്‍ ടീമിനായി മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്'- ഇൻസ്റ്റഗ്രാം പോസ്റ്റില്‍ ടോണി ക്രൂസ് വ്യക്തമാക്കി.