ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ രണ്ട് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി ഇന്ത്യ. ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റൺസ് വിജയക്ഷ്യം 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് ആതിഥേയര്‍ മറികടന്നത്. തിലക് വർമയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്.
55 പന്തിൽ പുറത്താവാതെ 72 റണ്‍സാണ് തിലക് അടിച്ച് കൂട്ടിയത്. പതിഞ്ഞും തെളിഞ്ഞും കളിച്ച തിലകിന്‍റെ ഏറെ പക്വതയുള്ള ഇന്നിങ്‌സായിരുന്നുവിത്. ഇംഗ്ലണ്ടിന് മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. രണ്ടാം ഓവറിൽ തന്നെ അഭിഷേക് ശർമയെ (12) ടീമിന് നഷ്‌ടമായി. മാര്‍ക്ക് വുഡിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് അഭിഷേകിന്‍റെ പുറത്താവല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്നാം ഓവറിൽ സഞ്ജു സാംസണെ (5) ജോഫ്ര ആർച്ചറും തിരിച്ചയച്ചു. തുടര്‍ന്ന് ഒന്നിച്ച തിലക് - സൂര്യകുമാർ യാദവ് സഖ്യം 39 റൺസ് കൂട്ടിച്ചേർത്തു. പക്ഷെ, അഞ്ചാം ഓവറിൽ കാർസെയുടെ പന്തിൽ സൂര്യ (12) ബൗൾഡായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ധ്രുവ് ജുറൽ (4), ഹാർദിക് പാണ്ഡ്യ (7) എന്നിവർക്ക് പിടിച്ച് നില്‍ക്കാനായില്ല.
എന്നാല്‍ തിലക് - വാഷിങ്‌ടണ്‍ സുന്ദർ സഖ്യം പ്രതീക്ഷ നല്‍കി. പക്ഷെ സുന്ദറിനെ (26) പുറത്താക്കി 38 റൺസ് നീണ്ട സഖ്യം തകര്‍ത്ത് കാർസെ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. അക്‌സർ പട്ടേൽ (2), അർഷ്‌ദീപ് സിങ് (6) എന്നിവർ വന്നപാടെ മടങ്ങിയതോടെ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലായി. അവസാന രണ്ട് ഓവറിലേക്ക് എത്തുമ്പോള്‍ 13 റണ്‍സായിരുന്നു ആതിഥേയര്‍ക്ക് വിജയത്തിനായി വേണ്ടത്.
ലിയാം ലിവിങ്‌സ്റ്റൺ എറിഞ്ഞ 19-ാം ഓവറിൽ രവി ബിഷ്‌ണോയ് നേടിയ ഒരു ബൗണ്ടറിയടക്കം ഏഴ് റൺസ് പിറന്നു. ഇതോടെ അവസാന ഓവറിൽ ലക്ഷ്യം ആറ് റണ്‍സായി. ജാമി ജാമി ഓവർട്ടണാണ് ഇംഗ്ലണ്ടിനായി പന്തെറിയാന്‍ എത്തിയത്. ആദ്യ പന്തിൽ ഡബിള്‍ ഓടിയ തിലക്, രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. ഒമ്പതാം വിക്കറ്റില്‍ തിലകിന് രവി ബിഷ്‌ണോയ് നല്‍കിയ പിന്തുണ ഏറെ നിര്‍ണായകമായി. 5 പന്തിൽ 9 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി കാർസെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
ALSO READ:നെറ്റ്‌സില്‍ കഠിന പരിശ്രമം, പക്ഷെ...; ഷമിയുടെ തിരിച്ചുവരവ് വൈകും? - MOHAMMED SHAMI FITNESS UPDATE
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായത് ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ്. 30 പന്തിൽ 45 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ബ്രൈഡൺ കാർസെ (17 പന്തിൽ 31), ജാമി സ്‌മിത്ത് ( 12 പന്തില്‍ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്‌ക്കായി വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.