കാൺപൂർ:ടെസ്റ്റ്, ടി20 പരമ്പരകൾക്കായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കര്‍ശന നിയന്ത്രണങ്ങൾ. ഹിന്ദു മഹാസഭയുടെ ഭീഷണിയെത്തുടർന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ സ്റ്റേഡിയങ്ങള്‍ക്ക് സമീപം ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യരുതെന്ന് ബംഗ്ലാദേശ് ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഹോട്ടലിൽ വൻ പോലീസ് സേനയെയാണ് വിന്യസിച്ചത്.
"ഞങ്ങൾക്ക് ഹോട്ടലിന് പുറത്ത് പോകാൻ അനുവാദമില്ല, പോകണമെങ്കിൽ ലോക്കൽ പോലീസിൽ നിന്നും ലെയ്‌സൺ ഓഫീസറിൽ നിന്നും അനുമതി വാങ്ങണമെന്ന് ഒരു ബിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോട്ടലുകളില്‍ സുരക്ഷ വളരെ ശക്തമാണ്, ജിമ്മിനും ഉച്ചഭക്ഷണത്തിനും പോകണമെങ്കിൽ സെക്യൂരിറ്റി ജീവനക്കാരോട് പറയണം, അവർ കാര്യങ്ങൾ ക്ലിയർ ചെയ്‌തതിന് ശേഷമേ ഞങ്ങൾക്ക് പോകാനാകൂവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചെന്നൈയിൽ നിന്ന് വ്യത്യസ്‌തമാണ് കാണ്‍പൂരിലെ കാര്യങ്ങള്‍. അവിടെ ഞങ്ങൾ ബീച്ചുകളിലും ഹോട്ടലുകളിലും പോയി പ്രാദേശിക ഭക്ഷണം കഴിച്ചു. പക്ഷേ ഇവിടെ ഒരു ഹോട്ടലിൽ തിങ്ങിക്കൂടിയിരിക്കുന്നു. മഴ ടീമിനെ ഹോട്ടൽ മുറികളിൽ ഒതുക്കിയെന്നും അദ്ദേഹം പറഞ്ഞു. കളിക്കാർ ഗ്രൂപ്പുകളായി തുടരാനും അത്യാവശ്യമല്ലാതെ ഹോട്ടലുകൾ വിടുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.