കേരളം

kerala

By ETV Bharat Kerala Team

Published : Jun 5, 2024, 12:39 PM IST

ETV Bharat / sports

ടി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ; എതിരാളി അയര്‍ലന്‍ഡ്, മത്സരം കാണാനുള്ള വഴി അറിയാം... - India Vs Ireland Preview

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ അയര്‍ലന്‍ഡിന് കഴിഞ്ഞിട്ടില്ല. ഫോര്‍മാറ്റില്‍ ഏഴുതവണ പരസ്‌പരം മത്സരിച്ചപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം മാത്രമായിരുന്നു.

IND VS IRE T20  ROHIT SHARMA  ടി20 ലോകകപ്പ്  SANJU SAMSON
ഇന്ത്യന്‍ ക്രിക്കറ്റ് ടീം (IANS)

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുന്നു. അയര്‍ലന്‍ഡാണ് എതിരാളി. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ്‌ നെറ്റ്‌വര്‍ക്കിലാണ് മത്സരം തത്സമയം കാണാന്‍ കഴിയുക. ഓണ്‍ലൈനായി ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സെറ്റിലും മത്സരം ലഭ്യമാണ്.

കടലാസിലെ കണക്കില്‍ രോഹിത് ശര്‍മയുടെ സംഘത്തിന് ഒത്ത എതിരാളികളല്ല അര്‍ലന്‍ഡ്. എന്നാല്‍ പോള്‍ സ്റ്റെർലിങ്ങിന്‍റെ ടീമിനെ കുറച്ച് കാണാനാവില്ല. സമീപകാലത്ത് കരുത്തരായ പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ച ആത്മവിശ്വാസം അവര്‍ക്ക് കരുത്ത് പകരും. പ്രവചനാതീതമാണ് നാസോയിലെ പിച്ചിന്‍റെ സ്വഭാവം. സ്ലോ ആന്‍ഡ് ട്രിക്കി പിച്ചാണിത്.

തിങ്കളാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 76 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്‌ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പേസര്‍മാര്‍ക്ക് സ്വിങ്ങും ബൗണ്‍സും ലഭിക്കുമ്പോള്‍ സ്‌പിന്നര്‍മാരെയും പിച്ച് പിന്തുണയ്‌ക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

നേരത്തെ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇതേപിച്ചിലായിരുന്നു ഇന്ത്യ കളിച്ചത്. ബംഗ്ലാദേശിനെതിരെ 60 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത നീലപ്പട അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സായിരുന്നു നേടിയത്.

ഇന്ത്യയ്‌ക്കായി റിഷഭ്‌ പന്ത് അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും മികച്ച പ്രകടനം നടത്തി. മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് നേടാനെ സാധിച്ചുള്ളു.

ALSO READ: ടി20 ചാമ്പ്യന്‍മാരെ കാത്തിക്കുന്നത് റെക്കോര്‍ഡ് സമ്മാനത്തുക; വമ്പൻ പ്രഖ്യാപനവുമായി ഐസിസി - T20 World Cup 2024

മറുവശത്ത് അയര്‍ലന്‍ഡ് ആദ്യമായാണ് ഇവിടെ ഇറങ്ങുന്നത്. ഫോര്‍മാറ്റില്‍ ഇതുവരെ നേര്‍ക്കുനേര്‍ എത്തിയ ഏഴ്‌ മത്സരങ്ങളിലും അയര്‍ലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇക്കുറി ചരിത്രം തിരുത്തി എഴുതാനുള്ള ശ്രമമാവും അയര്‍ലന്‍ഡ് നടത്തുക.

ഇന്ത്യ (സാധ്യത ഇലവന്‍): രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ശിവം ദുബെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്‌, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

അയർലൻഡ് (സാധ്യത ഇലവന്‍): ആൻഡി ബാൽബിർണി, പോൾ സ്റ്റിർലിങ്‌ (ക്യാപ്റ്റൻ), ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്‌ടർ, കർട്ടിസ് കാംഫർ, ജോർജ്ജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി, ക്രെയ്ഗ് യംഗ്, ബെൻ വൈറ്റ്.

ABOUT THE AUTHOR

...view details