ഹൈദരാബാദ് :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്താൻ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഇന്നിറങ്ങും. ഹൈദരാബാദിന്‍റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. ഹോം ഗ്രൗണ്ടിലെ ജയം ആവര്‍ത്തിക്കാൻ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുമ്പോള്‍ സീസണിലെ മൂന്നാം ജയം തേടിയാണ് സൂപ്പര്‍ കിങ്‌സിന്‍റെ വരവ്.
പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സീസണിലെ ആദ്യ രണ്ട് മത്സരവും ജയിച്ച അവര്‍ക്ക് കഴിഞ്ഞ കളിയില്‍ ഡല്‍ഹിയോട് അടി തെറ്റുകയായിരുന്നു. ടോപ് ഓര്‍ഡര്‍ നിറം മങ്ങിയതായിരുന്നു അവസാന മത്സരത്തില്‍ ചെന്നൈയ്‌ക്ക് തിരിച്ചടിയായത്.
എന്നാല്‍, മുൻ നായകൻ എംഎസ് ധോണിയുടെ ബാറ്റിങ് ചെന്നൈ ആരാധകര്‍ക്ക് നല്‍കുന്ന ആവേശം ചെറുതൊന്നുമായിരിക്കില്ല. ഹൈദരാബാദിലും ധോണിയുടെ ബാറ്റിങ് വെടിക്കെട്ടാകും ആരാധകര്‍ പ്രതീക്ഷിക്കുന്നതും. ശിവം ദുബെ, സമീര്‍ റിസ്‌വി എന്നിവരും താളം വീണ്ടെടുത്താല്‍ ബാറ്റിങ്ങില്‍ ചെന്നൈയ്‌ക്ക് പേടിക്കേണ്ടി വരില്ല.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അടിച്ചുകൂട്ടിയ സണ്‍റൈസേഴ്‌സ് ബാറ്റിങ് നിരയ്‌ക്കെതിരെ ചെന്നൈയുടെ ബൗളര്‍മാര്‍ എങ്ങനെ പന്ത് എറിയുമെന്ന് കണ്ടറിയണം. ബംഗ്ലാദേശ് പേസര്‍ മുസ്‌തഫിസുര്‍ റഹ്മാന്‍റെ അഭാവം ചെന്നൈയ്‌ക്ക് ഇന്ന് വലിയ തിരിച്ചടിയായേക്കും. ടി20 ലോകകപ്പിനുള്ള വിസ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിയതുകൊണ്ടാണ് താരത്തിന് ഇന്നത്തെ മത്സരം നഷ്‌ടമാകുന്നത്.