മെൽബൺ:ഓസ്ട്രേലിയക്കെതിരേ നടക്കുന്ന നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ വലിയ പ്രതീക്ഷകളിൽ ഒരാളായിരുന്നു ഋഷഭ് പന്ത്. മികച്ച തുടക്കമാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ ഇന്ത്യൻ ടീമിനെ ആശങ്കയിലാഴ്ത്തുന്ന പ്രകടനമായിരുന്നു പന്ത് പുറത്തെടുത്തത്. തീർത്തും അനാവശ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു ഷോട്ട് പായിച്ചാണ് പന്ത് ഔട്ടായത്. 28 റൺസാണ് നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിർണായക സമയത്തെ പന്തിന്‍റെ പുറത്താകല്‍ മുൻ താരങ്ങളെയും ഞെട്ടിച്ചു. കമന്‍ററി ബോക്സിൽ ഉണ്ടായിരുന്ന സുനിൽ ഗവാസ്‌കർ അതിരൂക്ഷമായാണ് പന്തിന്‍റെ കളിയോട് പ്രതികരിച്ചത്. ‘സ്റ്റുപ്പിഡ്’ എന്ന് ആവർത്തിച്ച് പറഞ്ഞ് ഗാവസ്കർ പന്തിനെ കടന്നാക്രമിക്കുകയായിരുന്നു. ഇന്ത്യ അഞ്ചിന് 191 റൺസ് എന്ന നിലയിൽ നിൽക്കെ, സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ മോശം ഷോട്ട് സിലക്ഷനിലൂടെയാണ് താരം പുറത്തായത്. ഇതുകണ്ടാണ് ഗാവസ്കർ പ്രകോപിതനായത്.
‘സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്. അവിടെ രണ്ട് ഫീൽഡർമാരുണ്ടായിട്ടും നിങ്ങള്‍ ഇത്തരമൊരു ഷോട്ടിന് പോകുന്നു. നിങ്ങൾക്ക് മുമ്പത്തെ ഷോട്ട് നഷ്‌ടമായി. എന്നിട്ടും എവിടേക്കാണ് ആ ഷോട്ട് കളിച്ച് പുറത്തായതെന്നു നോക്കൂ. ഡീപ് തേർഡ് മാനിൽ ക്യാച്ച് സമ്മാനിച്ചിരിക്കുന്നു’ കമന്‍ററി ചെയ്യുന്നതിനിടെ ഗവാസ്‌കർ പന്തിനെതിരെ ആഞ്ഞടിച്ചു.