ബെര്‍ലിൻ:12 വർഷങ്ങൾക്ക് ശേഷം യൂറോപ്പിലെ കാൽപന്ത് കളിയുടെ രാജാക്കന്മാരായി സ്പെയിൻ. യുവേഫ യൂറോ ചാമ്പ്യൻഷിപ്പിന്‍റെ കലാശപ്പോരിൽ ഇംഗ്ലണ്ടിനെ 2-1ന് വീഴ്ത്തിയാണ് സ്‌പാനിഷ് പട കിരീടത്തിൽ മുത്തമിട്ടത്. രണ്ടാം പകുതിയിൽ നിക്കോ വില്യംസ്, മൈക്കൽ ഒയാർസബൽ എന്നിവരാണ് സ്പെയിനായി ഗോൾ നേടിയത്.
ഇംഗ്ലണ്ടിന് വേണ്ടി കോൾ പാൽമർ ആശ്വാസഗോൾ കണ്ടെത്തി. യൂറോ കപ്പിൽ ഇത് സ്പെയിന്‍റെ നാലാം കിരീടനേട്ടമാണ്. ജയത്തോടെ ചരിത്രത്തിൽ ആദ്യമായി നാല് പ്രാവശ്യം യൂറോ കിരീടം നേടുന്ന ടീമായി മാറാനും സ്പെയിനായി.
ഗോൾ രഹിതമായിരുന്നു സ്പെയിൻ ഇംഗ്ലണ്ട് ടീമുകൾ പോരിനിറങ്ങായ ഫൈനലിന്‍റെ ആദ്യ പകുതി. രണ്ടാം പകുതിയിൽ കളി തുടങ്ങി അധികം വൈകാതെ തന്നെ ലീഡ് പിടിക്കാൻ സ്‌പാനിഷ് സംഘത്തിന് സാധിച്ചു. വിങ്ങർ നിക്കോ വില്യംസായിരുന്നു മത്സരത്തിന്‍റെ 47-ാം മിനിറ്റിൽ സ്പെയിനെ മുന്നിലെത്തിച്ചത്.
17കാരൻ ലാമിൻ യമാലിന്‍റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ബോക്‌സിന്‍റെ വലതുവശത്ത് നിന്നും യമാൽ നീട്ടിയ പന്ത് കൃത്യമായി ഫിനിഷ് ചെയ്യുക എന്ന ദൗത്യം മാത്രമായിരുന്നു വില്യംസിനുണ്ടായിരുന്നത്. ഈ യൂറോ കപ്പിൽ ലാമിൻ യമാൽ നൽകിയ നാലാമത്തെ അസിസ്റ്റ് കൂടിയായിരുന്നു ഇത്. യൂറോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ക്വാർട്ടർ, സെമി, ഫൈനൽ പോരാട്ടങ്ങളിൽ ഗോളോ അസിസ്റ്റോ നേടുന്ന താരമായി മാറാനും യമാലിനായി.
തിരിച്ചടിക്കാൻ കിണഞ്ഞ് പരിശ്രമിച്ച ഇംഗ്ലണ്ട് മത്സരത്തിന്‍റെ 73-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. പകരക്കാരനായി കളത്തിൽ ഇറങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ പരിശീലകൻ ഗാരത് സൗത്ത്ഗേറ്റിന്‍റെ വിശ്വാസം കാക്കാൻ പാൽമറിന് സാധിച്ചു. ബുകയോ സാക്ക, ജൂഡ് ബെല്ലിങ്ഹം, കോൾ പാൽമാർ എന്നിവർ ചേർന്ന് നടത്തിയ നീക്കമായിരുന്നു ഗോളിൽ കലാശിച്ചത്.
എന്നാൽ, ഇംഗ്ലണ്ടിന്‍റെ സമനില ഗോളിന് മത്സരത്തിൽ അധികം ആയുസ് ഉണ്ടായിരുന്നില്ല. 86-ാം മിനിറ്റിൽ വീണ്ടും സ്പെയിൻ വിജയഗോള്‍ നേടി. പകരക്കാരന്‍റെ ഗോളിന് പകരക്കാരനിലൂടെ തന്നെയായിരുന്നു സ്‌പാനിഷ് മറുപടി. ഇടത് വിങ്ങിൽ നിന്നും കുക്കുറേല നൽകിയ പന്ത് മൈക്കൽ ഒയാർസബൽ ഗോളാക്കി മാറ്റുകയായിരുന്നു.