സെഞ്ചൂറിയൻ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്ക് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെയാണ് പ്രോട്ടീസ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഇതോടെ 2 ടെസ്റ്റുകളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാക് പടയുടെ 148 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 40 റണ്‍സെടുത്ത തെംബ ബവൂമയാണ് ടോപ് സ്‌കോറര്‍. വാലറ്റത്ത് തിളങ്ങിയ കഗിസോ റബാഡ (31) - മാര്‍കോ ജാന്‍സന്‍ (16) സഖ്യമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: പാകിസ്ഥാന്‍ 211 & 237, ദക്ഷിണാഫ്രിക്ക 301 & 148.
മൂന്ന് വർഷത്തിന് ശേഷം പാകിസ്ഥാൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് അബ്ബാസിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു സെഞ്ചൂറിയനില്‍ നടന്നത്. 19.3 ഓവറില്‍ അബ്ബാസ് 54 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് പിഴുതത്. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് കേപ്ടൗണിൽ ആരംഭിക്കും.
ദക്ഷിണാഫ്രിക്ക ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചതോടെ എതിരാളികൾ ആരാകുമെന്നതാണ് ഇനി അറിയേണ്ടത്. പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള പ്രോട്ടീസിന് 11 മത്സരങ്ങളില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ്. രണ്ടാം ഫൈനലിസ്റ്റാകാന്‍ നിലവിൽ ഇന്ത്യക്കോ ഓസ്‌ട്രേലിയക്കോ ആണ് സാധ്യത. പോയിന്‍റ് പട്ടികയില്‍ ഓസ്‌ട്രേലിയ രണ്ടാതും ഇന്ത്യ മൂന്നാമതുമാണ്.
ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ടിലും ഇന്ത്യ ജയിക്കുകയാണെങ്കില്‍ ഫൈനലിൽ പ്രവേശിക്കാനാകും. തോറ്റാല്‍ അടുത്ത ശ്രീലങ്കൻ പര്യടനത്തിൽ ഓസീസ് തോറ്റാൽ മാത്രമാകും ഇന്ത്യക്ക് ഫൈനലിലേക്കുള്ള പ്രതീക്ഷ തെളിയുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലില്‍ മത്സരിക്കുക.
Also Read:ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ; രണ്ടാം സെമിയില്‍ കേരളം ഇന്ന് മണിപ്പൂരിനെതിരേ - SANTOSH TROPHY