പാരിസ് ഒളിമ്പിക്‌സിൽ സ്വർണമെഡലിന് വേണ്ടിയുള്ള ഇന്ത്യൻ കാത്തിരിപ്പ് പാഴായി. നീരജ് ചോപ്രയുടെ ജാവനിലൂടെ സ്വർണം സ്വന്തമാക്കാമെന്ന പ്രതീക്ഷകൾ തകർത്തതാകട്ടെ തൊട്ടയൽക്കാരനായ പാക് താരം നദീം അർഷദിന്‍റെ മൂളിപ്പറന്ന രണ്ട് ഏറുകൾ.
144 കോടി ഭാരതീയർ പ്രാർത്ഥനകളോടെ കാത്തിരുന്ന ജാവലിൻ ത്രോ ഫൈനലിൽ സുവർണ താരം നീരജ് ചോപ്ര ആദ്യ ത്രോയ്ക്കിറങ്ങിയത് പുലർച്ചെ 12.06 നായിരുന്നു. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കിൻറെ യാക്കൂബ് എന്നിവർ തൊട്ടു പിറകേ കനത്ത മൽസരവുമായി രംഗത്തുണ്ടായിരുന്നു. ഫൈനലിൽ ആദ്യ ത്രോയിൽ താരങ്ങളൊക്കെ സമ്മർദത്തിലായിരുന്നു.
പാകിസ്ഥാന്‍റെ നദീം അർഷദിനൊപ്പം നീരജ് ചോപ്രയുടേയും ആദ്യ ത്രോ ഫൗളാവുകയായിരുന്നു. രണ്ടാമത്തെ ത്രോയിൽ നദീം അർഷാദ് 92.97 മീറ്റർ കണ്ടെത്തി പുതിയ ഒളിമ്പിക് റെക്കോഡ് കുറിച്ചു. സമ്മർദത്തിലായിരുന്നെങ്കിലും 89.54 എന്ന മികച്ച ദൂരം കുറിച്ച് നീരജ് ചോപ്ര രണ്ടാം ത്രോയിൽ നല്ല തിരിച്ചു വരവ് നടത്തി.
നീരജ് ചോപ്രയുടെ സീസൺ ബെസ്റ്റ് ത്രോയായിരുന്നു ഇത്. മൂന്നാം ത്രോയിൽ പാക് താരം 88.72 മീറ്റർ മാത്രമാണ് എറിഞ്ഞത്. നീരജ് ചോപ്രയുടെ മൂന്നാം ത്രോ ഫൗൾ ആയി. 12.50 ന് നീരജ് നാലാം ത്രോയ്ക്കിറങ്ങി. പക്ഷേ അതും ഫൗൾ ആയി.
നദീം അർഷാദ് നാലാം ത്രോയിൽ 79.4 മീറ്റർ മാത്രം കണ്ടെത്തി. നീരജിന്‍റെ അഞ്ചാം ത്രോയും ഫൗൾ ആയി. അവസാന ത്രോയിലും ഇത് ആവര്‍ത്തിച്ചു. ഇതോെട പാരിസിലും സുവര്‍ണനേട്ടം പ്രതീക്ഷിച്ചിറങ്ങിയ നീരജിന്‍റെ പോരാട്ടം വെള്ളിമെഡലിലൊതുങ്ങി.
91.79 മീറ്റര്‍ ദൂരമാണ് അവസാന ത്രോയില്‍ പാക് താരം അര്‍ഷാദ് നദീം കണ്ടെത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷം ഒളിമ്പിക്‌സ് പുരുഷ വിഭാഗത്തിൽ രണ്ടാം വ്യക്തിഗത മെഡൽ സ്വന്തമാക്കുന്ന താരമായി നീരജ്. ടോക്കിയോയിൽ സ്വര്‍ണവും പാരിസിൽ വെള്ളിയും നേടി നീരജ് ചോപ്ര ഒളിമ്പിക്സിൽ പുതു ചരിത്രമെഴുതി. ആറ് ത്രോകളിൽ ഒന്ന് മാത്രമാണ് പാരിസിൽ നീരജിന് ക്ലീൻ ആക്കാനായത്. ഗുസ്തി താരം സുശീൽ കുമാറിന് മാത്രമാണ് ഇതിനു മുമ്പ് ഇന്ത്യയിൽ നിന്ന് പുരുഷ വിഭാഗത്തിൽ രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡൽ നേടാനായത്.