കേരളം

kerala

ETV Bharat / sports

സ്റ്റാര്‍ക്കിന്‍റെ യോര്‍ക്കറില്‍ വീണു, മടങ്ങി വരവില്‍ ഓസീസിന്‍റെ 'നടുവൊടിച്ചു'; ഇത് ഷമാര്‍ ജോസഫിന്‍റെ മധുരപ്രതികാരം - Shamar Joseph Wickets

ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരായ വെസ്റ്റ് ഇന്‍ഡീസിന്‍റെ ജയത്തില്‍ നിര്‍ണായക പ്രകടനമാണ് പേസര്‍ ഷമാര്‍ ജോസഫ് നടത്തിയത്. 11.5 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്താണ് താരത്തിന്‍റെ 7 വിക്കറ്റ് പ്രകടനം.

Shamar Joseph  Shamar Joseph Bowling  Shamar Joseph Wickets  ഷമാര്‍ ജോസഫ്
Shamar Joseph Story In Gabba Test

By ETV Bharat Kerala Team

Published : Jan 28, 2024, 3:43 PM IST

സ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനം. വിന്‍ഡീസിന് വേണ്ടി പതിനൊന്നാമനായിട്ടായിരുന്നു ഷമാര്‍ ജോസഫ് എന്ന 24 കാരന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ടീമിന് മികച്ച സ്കോര്‍ സമ്മാനിക്കാന്‍ തനിക്ക് കഴിയുന്ന അത്രയും നേരം ക്രീസില്‍ നില്‍ക്കാനായിരുന്നു ആ ചെറുപ്പക്കാരന്‍റെ പദ്ധതി. എന്നാല്‍, വെറും 14 പന്ത് മാത്രമായിരുന്നു ഷമാര്‍ ജോസഫിന് അവിടെ കളിക്കാനായത്.

150 കിലോ മീറ്റര്‍ വേഗതയില്‍ എത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ യോര്‍ക്കര്‍ ആ ചെറുപ്പക്കാരന്‍റെ കാല്‍വിരലിലാണ് പതിച്ചത്. തുടര്‍ന്ന്, ക്രീസില്‍ നിലയുറപ്പിച്ച് നില്‍ക്കാന്‍ സാധിക്കാതിരുന്ന താരം ടീം അംഗങ്ങളുടെ സഹായത്തോടെ നിറഞ്ഞ കണ്ണുകളുമായി മൈതാനം വിട്ടു. ഷമാര്‍ ജോസഫ് റിട്ടയേര്‍ഡ് ഹര്‍ട്ടായതോടെ, വിന്‍ഡീസിന് രണ്ടാം ഇന്നിങ്‌സില്‍ ഒരു ബൗളറെ നഷ്‌ടമാകുമെന്നായിരുന്നു കമന്‍ററി ബോക്‌സിലുണ്ടായിരുന്നവര്‍ പോലും പറഞ്ഞത്.

എന്നാല്‍, അധികം വൈകാതെ തന്നെ ഷമാറിന്‍റെ പരിക്കിനെ കുറിച്ചുള്ള വാര്‍ത്ത വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിടുകയും ചെയ്‌തു. പരിക്ക് ഗുരുതരമല്ലാത്ത സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ താരം കളത്തിലിറങ്ങുമെന്ന് വിന്‍ഡീസ് ബോര്‍ഡ് അറിയിച്ചു. വിന്‍ഡീസ് ആരാധകര്‍ക്ക് ആശ്വാസകരമായിരുന്നു ആ വാര്‍ത്ത.

ഗാബയില്‍ മത്സരം നാലാം ദിവസത്തിലേക്ക് കടന്നു. ക്രീസില്‍ ഓസീസ് ഓപ്പണര്‍ സ്റ്റീവ് സ്മിത്തും കാമറൂണ്‍ ഗ്രീനും. 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസ്‌ട്രേലിയ്ക്കായി സ്മിത്തും ഗ്രീനും കരുതലോടെ റണ്‍സ് കണ്ടെത്തുന്ന സമയം.

31-ാം ഓവര്‍ എറിയാനായി ഷമാര്‍ ജോസഫ് ക്രീസിലേക്ക്. ഷമാറിന്‍റെ ഓവറിലെ ആദ്യ നാല് പന്തില്‍ നിന്നും 9 റണ്‍സ് നേടി ഓസീസ് നയം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അഞ്ചാം പന്തില്‍ താരത്തിന്‍റെ പേസിനും സ്വിങ്ങിനും മറുപടി പറയാനാകാതെ ഗ്രീന്‍ ക്ലീന്‍ ബൗള്‍ഡ്.

തുടര്‍ന്നെത്തിയ ട്രാവിസ് ഹെഡ് വിന്‍ഡീസ് പേസറുടെ യോര്‍ക്കറിന് മുന്നില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ വീണു. അവിടെ നിന്നായിരുന്നു തന്‍റെ കണ്ണുനീരിന് പകരം ചോദിക്കാന്‍ ഷമാര്‍ ജോസഫ് തുടങ്ങിയത്. ഹെഡിന് പിന്നാലെ, മിച്ചല്‍ മാര്‍ഷും വീണു.

പിന്നീട് ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയായിരുന്നു വിന്‍ഡീസ് പേസറുടെ ഇര. കാരിയും ക്ലീന്‍ ബൗള്‍ഡാണായത്. അതിവേഗം റണ്‍സ് കണ്ടെത്താനുള്ള ശ്രമത്തിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിനും ജോസഫിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

പാറ്റ് കമ്മിന്‍സിന്‍റെ വിക്കറ്റെടുത്ത ശേഷം ജോഷ് ഹേസല്‍വുഡിനെയും മടക്കി ആ 24 കാരന്‍ ഗാബയില്‍ പുതിയ ചരിത്രമെഴുതി. ഓരോ വിക്കറ്റ് നേടുമ്പോഴുമുള്ള ആ ചെറുപ്പക്കാരന്‍റെ വിജയാഘോഷം പറയുന്നുണ്ടായിരുന്നു ഈ ജയത്തിനായി താന്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന്.

Also Read :'ഒരു കരീബിയന്‍ വീരഗാഥ', സൂപ്പര്‍ ഹീറോയായി ഷമാര്‍ ജോസഫ് ; ഗാബയില്‍ ഓസീസിനെതിരെ ഐതിഹാസിക ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്

ABOUT THE AUTHOR

...view details