ന്യൂഡല്‍ഹി : ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ വീണ്ടും അമ്പയറിങ് വിവാദം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണിന്‍റെ പുറത്താകലാണ് വിവാദമായിരിക്കുന്നത്. അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ രാജസ്ഥാൻ റോയല്‍സ് 222 എന്ന കൂറ്റൻ സ്കോര്‍ പിന്തുടരുന്നതിനിടെ മുകേഷ് കുമാര്‍ എറിഞ്ഞ, മത്സരത്തിന്‍റെ 16-ാം ഓവറിലായിരുന്നു സഞ്ജു പുറത്തായത്.
ഓവറിലെ നാലാം പന്ത് ലോങ് ഓണിന് മുകളിലൂടെ അതിര്‍ത്തി കടത്താനായിരുന്നു സഞ്ജു സാംസണിന്‍റെ ശ്രമം. ഈ ഭാഗത്തേക്ക് സഞ്ജു ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനരികില്‍ ഫീല്‍ഡര്‍ ഷായ് ഹോപ് കയ്യിലൊതുക്കി. എന്നാല്‍, ക്യാച്ച് എടുത്തശേഷം നിയന്ത്രണം നഷ്‌ടമായ ഹോപ് ബൗണ്ടറിലൈനില്‍ ചവിട്ടുകയായിരുന്നു.
ഹോപ്പിന്‍റെ കാലുകള്‍ ബൗണ്ടറി ലൈനിലെ കുഷ്യനുകളില്‍ തട്ടുന്നതും റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍, സഞ്ജു ഔട്ട് ആണെന്നായിരുന്നു അമ്പയറുടെ തീരുമാനം. തേര്‍ഡ് അമ്പയറുടെ വിവാദ തീരുമാനത്തിന് പിന്നാലെ ഫീല്‍ഡ് അമ്പയര്‍ കെഎൻ അനന്തപദ്‌മനാഭന് അരികിലെത്തി തര്‍ക്കിച്ച ശേഷമാണ് സഞ്ജു മൈതാനം വിട്ടത്. ഇതിനിടെ ഗ്യാലറിയിലുണ്ടായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ഥ് ജിൻഡാല്‍ സഞ്ജുവിനോട് ഗ്രൗണ്ടുവിട്ട് കയറിപ്പോകാൻ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയത് സഞ്ജു സാംസണ്‍ ആയിരുന്നു. 222 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സിനായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു 46 പന്ത് നേരിട്ട് 86 റണ്‍സ് അടിച്ചാണ് മടങ്ങിയത്. ആറ് സിക്‌സറുകളും എട്ട് ഫോറും അടങ്ങിയതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്‌സ്.
കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (4) നഷ്‌ടപ്പെട്ടിരുന്നു. പിന്നാലെ ക്രീസിലെത്തിയ സഞ്ജു പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച് റോയല്‍ സ്കോര്‍ ഉയര്‍ത്തി. ജോസ് ബട്‌ലര്‍ (19), റിയാൻ പരാഗ് (27) എന്നിവര്‍ മടങ്ങിയപ്പോഴും സഞ്ജുവിലായിരുന്നു ടീമിന്‍റെ പ്രതീക്ഷ. എന്നാല്‍, സഞ്ജുവിന്‍റെ പുറത്താകലോടെ കളിയുടെ ഗതി തന്ന മാറുകയും ഡല്‍ഹി ക്യാപിറ്റല്‍സ് 20 റണ്‍സിന്‍റെ ജയം സ്വന്തമാക്കുകയുമായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 221 റൺസ് നേടിയത്. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക് (50), അഭിഷേക് പോറെല്‍ (65) എന്നിവര്‍ ക്യാപിറ്റല്‍സിനായി അര്‍ധസെഞ്ച്വറി നേടി. രാജസ്ഥാന് വേണ്ടി പന്തെറിഞ്ഞ രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.
Read More :കളി മാറ്റിയത് സഞ്ജുവിന്‍റെ പുറത്താകല്‍, ഡല്‍ഹിക്ക് മുന്നിലും വീണ് രാജസ്ഥാൻ - DC Vs RR Match Result