ന്യൂയോര്‍ക്ക്:ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലും റിഷഭ് പന്ത് തിളങ്ങിയതോടെ ഇനി പ്ലേയിങ് ഇലവനിലേക്ക് എത്താൻ സഞ്ജു സാംസണിന് എന്താണ് ചെയ്യേണ്ടതെന്നാണ് ആരാധകരുയര്‍ത്തുന്ന ചോദ്യം. നിലവില്‍ പന്ത് വിക്കറ്റിന് മുന്നിലും പിന്നിലും തകര്‍പ്പൻ ഫോമിലാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാം വിക്കറ്റ് കീപ്പറായ സഞ്ജുവിന് അവസരം ലഭിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമായിരിക്കും.
നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്ന പന്ത് തന്നെയാകും വരും മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുക. പന്ത് മികവ് തുടരുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യതകള്‍ കുറഞ്ഞെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സഞ്ജുവിന്‍റെ പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല.
ശിവം ദുബെയ്‌ക്ക് പകരം സഞ്ജുവിന് ഇന്ത്യൻ ടീമില്‍ അവസരം നല്‍കണമെന്നാണ് പൊതുവെ ഉയരുന്ന വാദം. സന്നാഹ മത്സരത്തിന് പിന്നാലെ പാകിസ്ഥാനെതിരായ മത്സരത്തിലും ദുബെ നിരാശപ്പെടുത്തിയതോടെയാണ് ഒരു കൂട്ടം ആരാധകരുടെ ഈ ആവശ്യം ശക്തമായിരിക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പൻ പ്രകടനങ്ങള്‍ കാഴ്‌ചവച്ച ദുബെയ്‌ക്ക് എന്നാല്‍ ലോകകപ്പില്‍ ആ മികവ് ആവര്‍ത്തിക്കാനായിട്ടില്ല.