മുംബൈ: ഇംഗ്ലണ്ടിനെതിരെ (India vs England) കളിച്ച രണ്ട് ടെസ്റ്റുകളിലും തിളങ്ങാന്‍ കഴിയാതെ വന്നതോടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer). വിരാട് കോലിയുടെ അഭാവത്തില്‍ മധ്യനിരയില്‍ ഇന്ത്യയ്‌ക്ക് കരുത്താവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും 29-കാരനായ ശ്രേയസ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി. കളിച്ച രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളിലായി വെറും 104 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
2022 ഡിസംബറിന് ശേഷം ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി പോലും 29-കാരന് നേടാന്‍ കഴിഞ്ഞിട്ടില്ല. അവസാനം കളിച്ച ഏഴ് ടെസ്റ്റുകളിലെ 12 ഇന്നിങ്‌സുകളില്‍ നിന്നും വെറും 17.00 ശരാശരിയില്‍ 187 റണ്‍സ് മാത്രമണ് ശ്രേയസിന്‍റെ സമ്പാദ്യം. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുന്നതിന് ശ്രേയസിന് കനപ്പെട്ട നിര്‍ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ (Sanjay Manjrekar).
ടെസ്റ്റില്‍ തന്‍റെ ഡിഫന്‍സീവ് ഗെയിം താരം മെച്ചപ്പെടുത്തണമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. "തനിക്ക് കളിക്കാനും തിളങ്ങാന്‍ കഴിയുന്ന ഫോര്‍മാറ്റ് ഏതെന്ന് ശ്രേയസ് തന്നെ തീരുമാനിക്കേണ്ടതുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ മുൻഗണനയായി തുടരുകയാണെങ്കിൽ, പേസര്‍മാരെന്നോ സ്‌പിന്നര്‍മാരെന്നോ വ്യത്യാസമില്ലാതെ തന്‍റെ ഡിഫന്‍സീവ് ഗെയിമില്‍ അവന്‍ പ്രവർത്തിക്കേണ്ടതുണ്ട്.
ഡിഫന്‍സില്‍ ആത്മവിശ്വാസമുള്ള ഒരു ഗെയിം വികസിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് ആക്രമണത്മക സമീപനത്തിലേക്ക് മാറുമ്പോള്‍ അവിടെ നടക്കുന്നത് ഡിഫന്‍സീവ് ഗെയിമിന്‍റെ വിപുലീകരണമാണ്. നിലവില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ആധിപത്യം സ്ഥാപിക്കാനാണ് അവന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതുവഴി സമ്മര്‍ദം അകറ്റാന്‍ അവന് കഴിയുന്നില്ല"- സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.