ഹൈദരാബാദ്: ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമ്മ, മുൻ ക്യാപ്റ്റൻ എംഎസ് ധോണി എന്നിവരില്‍ ആരാണ് മികച്ചതെന്ന് പലവട്ടം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഇതേ ചോദ്യം യുവ ഓൾറൗണ്ടർ ശിവം ദുബെയും നേരിട്ടു. രോഹിതിനൊപ്പം ഒരു കോമഡി ടോക്ക് ഷോയിൽ പങ്കെടുത്ത ദുബെയോട് ആരാണ് മികച്ച ക്യാപ്റ്റൻ എന്ന് ചോദ്യം വന്നപ്പോള്‍ കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്.
'നിങ്ങൾ ഐപിഎല്ലിൽ ധോണിയുടെ ക്യാപ്റ്റൻസിയിലും ടീം ഇന്ത്യയിൽ രോഹിതിന്‍റെ ക്യാപ്റ്റൻസിയിലും കളിച്ചു. ഈ രണ്ടുപേരിൽ ആരെയാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമെന്നാണ് ദുബെയോടുള്ള ചോദ്യം. ഇതിന് മികച്ച മറുപടിയാണ് താരം നൽകിയത്. 'ഞാൻ ചെന്നൈയിൽ കളിക്കുമ്പോൾ ധോണിയായിരുന്നു മികച്ചത്, ടീം ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ രോഹിതായിരുന്നു മികച്ചതെന്ന് അപ്രതീക്ഷിത മറുപടി നല്‍കി താരം ഞെട്ടിച്ചു. ഇത് ദുബെയുടെ കഴിവെന്ന് പറഞ്ഞ് രോഹിത് ശര്‍മ പ്രശംസിച്ചു. 'ടോക്ക് ഷോകൾക്ക് രണ്ടോ മൂന്നോ ദിവസം മുമ്പ് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾ പരിശീലിക്കാറുണ്ടോ?' രോഹിത് ദുബെയെ കളിയാക്കി പറഞ്ഞു.
അതിനിടെ, ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദുബെയ്ക്ക് നടുവേദനയെ തുടർന്ന് അവസരം നഷ്ടമായി. തിലക് വർമ്മയെ പകരക്കാരനായി ബിസിസിഐ പ്രഖ്യാപിച്ചു.