ധര്‍മ്മശാല : ഇംഗ്ലണ്ടിനെതിരെ ധര്‍മ്മശാലയില്‍ നടന്ന അവസാന ടെസ്റ്റും (India vs England Test) വിജയിച്ചതോടെ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു ഇന്ത്യയുടെ വമ്പന്‍ തിരിച്ചുവരവ്. വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul) തുടങ്ങിയ പ്രമുഖരില്ലാതിരുന്നിട്ടും യുവനിരയുടെ കരുത്തിലാണ് രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ കളിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ത്രസിപ്പിക്കുന്ന ഈ തിരിച്ചുവരവില്‍ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ (Rohit Sharma). ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം പരമ്പര 4-1ന് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ് രോഹിത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണിത്.
ഇതിന് മുന്നെ വെറും മൂന്ന് തവണ മാത്രമാണ് ഇത്തരമൊരു തിരിച്ചുവരവിന് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുള്ളത്. അവസാനമായി നടന്നതാവട്ടെ 112 വര്‍ഷങ്ങള്‍ക്ക് മുന്നെയാണ്. 1911/12-ലെ ആഷസില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടായിരുന്നു ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം 4-1ന് കളി പിടിച്ചത്. അതിന് മുന്നെ 1901/02, 1897/98 സീസണിലെ ആഷസില്‍ ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയയായിരുന്നു സമാനമായ രീതിയില്‍ പൊളിച്ചടുക്കിയത്.
ബാസ് ബോള്‍ (Bazball) യുഗത്തില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങുന്ന ആദ്യ പരമ്പരയാണ് ഇന്ത്യയ്‌ക്കെതിരെയുള്ളത്. ഇതിന് മുന്നെ ഏഴ് പരമ്പരകള്‍ കളിച്ച ടീം നാലെണ്ണം വിജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയും പിടിച്ചിരുന്നു. ബാസ് ബോള്‍ കളിക്കുന്ന ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്ന ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്.