ജയ്‌പൂര്‍:ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ വിജയശില്‍പിയായി മാറിയത് മധ്യനിര ബാറ്റര്‍ റിയാൻ പരാഗാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന് വേണ്ടി പുറത്താകാതെ 84 റണ്‍സാണ് പരാഗ് നേടിയത്. 45 പന്തില്‍ ആറ് സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു 22കാരന്‍റെ ഇന്നിങ്‌സ്.
ബാറ്റിങ്ങ് പ്രകടനം കൊണ്ട് ഏവരുടെയും കയ്യടികള്‍ വാങ്ങിക്കൂട്ടിയതിന് പിന്നാലെ മത്സരത്തിന് ശേഷം ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പരാഗ് നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തന്‍റെ ആരോഗ്യം വളരെ മോശപ്പെട്ട അവസ്ഥയില്‍ ആയിരുന്നെന്നും ഡല്‍ഹിക്കെതിരെ കളിക്കാൻ ഇറങ്ങുന്നതിനായി വേദനസംഹാരികള്‍ പോലും തനിക്ക് ഉപയോഗിക്കേണ്ടി വന്നിരുന്നെന്നും റിയാൻ പരാഗ് വ്യക്തമാക്കി.
'ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ എനിക്ക് നല്ലതുപോലെ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. അസുഖത്തെ തുടര്‍ന്ന് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടായി. വേദനസംഹാരികള്‍ ഉപയോഗിച്ച ശേഷമാണ് എഴുന്നേറ്റെങ്കിലും നില്‍ക്കാൻ എനിക്ക് സാധിച്ചത്. എന്നാല്‍, ഇവിടെ കാര്യങ്ങള്‍ നല്ലതുപോലെ കൈകാര്യം ചെയ്യാൻ സാധിച്ചതില്‍ ഞാൻ സന്തോഷവാനാണ്'- മത്സരശേഷം റിയാൻ പരാഗ് പറഞ്ഞു.
ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിന് വേണ്ടി ബാറ്റുകൊണ്ട് അതിനിര്‍ണായകമായ ബാറ്റിങ് പ്രകടനമായിരുന്നു റിയാൻ പരാഗ് കാഴ്‌ചവെച്ചത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനെത്തിയ രാജസ്ഥാന് 36 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നീ പ്രധാനികളുടെ വിക്കറ്റ് നഷ്‌ടപ്പെട്ടു. എന്നാല്‍, നാലാം നമ്പറില്‍ ക്രീസിലെത്തി സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശിയ പരാഗാണ് ആതിഥേയര്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ ആദ്യ മത്സരത്തിലും മികച്ച ബാറ്റിങ് പ്രകടനം കാഴ്‌ചവെയ്‌ക്കാൻ പരാഗിനായി. ഇതിന് പിന്നാലെ ഡല്‍ഹിക്കെതിരെ നടത്തിയ റണ്‍വേട്ട ഐപിഎല്‍ പതിനേഴാം പതിപ്പിലെ ഓറഞ്ച് ക്യാപ്പിനുള്ള താരങ്ങളുടെ പട്ടികയില്‍ പരാഗിനെ രണ്ടാം സ്ഥാനത്തേക്കും എത്തിച്ചു. രണ്ട് മത്സരങ്ങളില്‍ നിന്നും 127 റൺസാണ് നിലവില്‍ പരാഗിന്‍റെ അക്കൗണ്ടില്‍.
അതേസമയം, ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിന്‍റെ ജയമാണ് രാജസ്ഥാൻ റോയല്‍സ് നേടിയത്. സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാൻ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Read More :ജയ്പൂരിൽ ജയിച്ച് രാജസ്ഥാൻ ; 12 റൺസിന് ഡൽഹിയെ തോൽപ്പിച്ചു - IPL 2024 RR VS DC HIGHLIGHTS