കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ് നീണ്ട ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ബ്രസീലിയൻ ഫോർവേഡ് നെയ്‌മര്‍ കൂടുമാറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താരം അൽ-ഹിലാലിനെ വിട്ട് അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ഇന്‍റർ മിയാമിയിൽ ചേര്‍ന്നേക്കുമെന്നാണ് സൂചന. സൗദി ക്ലബ്ബുമായുള്ള കരാറിന്‍റെ അവസാന ആറ് മാസങ്ങൾ പൂർത്തിയാക്കാനാണ് താരം ലക്ഷ്യമിടുന്നതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
താരത്തിന്‍റെ തുടര്‍ച്ചയായ പരുക്കും ഇടവേളയും കാരണം അല്‍ ഹിലാല്‍ കരാര്‍ നീട്ടില്ലെന്നാണ് സൂചന. മുന്‍ സഹതാരവും അര്‍ജന്‍റീന ഇതിഹാസവുമായ ലയണല്‍ മെസ്സിക്കൊപ്പം ഇന്‍റർ മിയാമിയിൽ കളിക്കാനാണ് താരം ആലോചിക്കുന്നത്. മെസിയും നെയ്‌മറും ബാഴ്‌സലോണയിലാണ് ആദ്യമായി ഒന്നിച്ചത്. ദീര്‍ഘകാലം ഇരുവരും ചേര്‍ന്ന് നിരവധി കിരീട വിജയങ്ങളില്‍ ഒത്തുചേര്‍ന്നിരുന്നു. അതിനുശേഷം 2023ൽ നെയ്‌മര്‍ പിഎസ്‌ജിയിലേക്ക് മാറുകയായിരുന്നു.
വൈകാതെ ബാഴ്‌സയില്‍ നിന്നു മെസ്സിയും പിഎസ്‌ജിയിലേക്കു ചേക്കേറി. അതിനു ശേഷം മെസി ഇന്‍റര്‍മിയാമിയിലേക്കും ബ്രസീലിയന്‍ സൂപ്പര്‍ താരം അല്‍ ഹിലാലിലേക്കും വണ്ടി കയറുകയായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഇരുവരും വീണ്ടും ഒരുമിച്ച് പന്ത് തട്ടാനൊരുങ്ങുന്നുവെന്നാണ്.