മാഡ്രിഡ്:ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ പൊളിച്ചടുക്കി ബാഴ്‌സലോണ. ചാമ്പ്യൻസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കിയതിന്‍റെ വമ്പുമായി സാന്‍റിയാഗോ ബെര്‍ണബ്യൂവിലെത്തിയ കറ്റാലൻ പട എതിരില്ലാത്ത നാല് ഗോളുകളുടെ ജയവുമായാണ് മടങ്ങിയത്. സൂപ്പര്‍ സ്ട്രൈക്കര്‍ ലെവൻഡോസ്‌കി ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ യുവതാരം ലമീൻ യമാല്‍, റാഫീഞ്ഞ എന്നിവരും റയല്‍ വലയില്‍ പന്തെത്തിച്ചു.
കരിയറിലെ ആദ്യ എല്‍ ക്ലാസിക്കോ പോരിനിറങ്ങിയ സൂപ്പര്‍ താരം കിലിയൻ എംബാപ്പെയ്‌ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. പലകുറി എതിര്‍ ഗോള്‍ മുഖത്തേക്ക് എംബാപ്പെ പന്തുമായി കയറിയെങ്കിലും അതിനെയെല്ലാം ഓഫ്‌സൈഡ് കെണിയില്‍ കുരുക്കിയാണ് ബാഴ്‌സ പ്രതിരോധിച്ചത്. ആറ് പ്രാവശ്യമായിരുന്നു ഫ്രഞ്ച് സ്ട്രൈക്കര്‍ ബാഴ്‌സയുടെ ഓഫ്‌സൈഡ് കെണിയില്‍ വീണത്.
മികച്ച ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇരു ടീമും നടത്തിയെങ്കിലും സാന്‍റിയാഗോ ബെര്‍ണാബ്യൂവിലെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് പിരിഞ്ഞത്. 30-ാം മിനിറ്റില്‍ എംബാപ്പെ സ്കോര്‍ ചെയ്‌തെങ്കിലും ബാഴ്‌സയുടെ ഓഫ്‌സൈഡ് ട്രാപ്പില്‍ താരം വീണതുകൊണ്ട് വാര്‍ പരിശോധനയില്‍ ഗോള്‍ അനുവദിച്ചിരുന്നില്ല.
ഒരു മാറ്റവുമായാണ് ബാഴ്‌സലോണ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്. മധ്യനിരയില്‍ നിന്നും ഫെര്‍മിൻ ലോപസിനെ പിൻവലിച്ച ഹാൻസി ഫ്ലിക്ക് ഫ്രാങ്കി ഡി ജോങ്ങിനെയാണ് കളത്തിലേക്കിറക്കിയത്. ഡി ജോങ് വന്നതോടെ മിഡ്‌ഫീല്‍ഡില്‍ ബാഴ്‌സയുടെ കളിയും മാറി.
54-ാം മിനിറ്റിലാണ് ബാഴ്‌സലോണ ലീഡ് പിടിക്കുന്നത്. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും കസാഡോ നല്‍കിയ തകര്‍പ്പൻ ത്രൂ ബോള്‍ ചിന്നിച്ചിതറി നിന്ന റയല്‍ പ്രതിരോധത്തിന് ഇടയിലൂടെ റോബര്‍ട്ടോ ലെവൻഡോസ്‌കിയിലേക്ക്. പന്തുമായി മുന്നേറിയ ലെവൻഡോസ്‌കി ബോക്‌സിന് തൊട്ടുവെളിയില്‍ നിന്നും തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ ലൂനിനെ മറികടന്ന് വലയിലേക്ക്.
രണ്ട് മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ബാഴ്‌സയുടെ രണ്ടാം ഗോളുമെത്തി. ഇടതുവിങ്ങില്‍ നിന്നും ബാല്‍ഡെ നല്‍കിയ തകര്‍പ്പൻ ക്രോസ് ബോക്‌സിനുള്ളില്‍ ഫ്രീയായി നിന്ന ലെവൻഡോസ്‌കി തലകൊണ്ട് മറിച്ചാണ് ലക്ഷ്യത്തിലെത്തിച്ചത്. രണ്ട് ഗോളിന് പിന്നിലായതോടെ കാര്‍ലോ ആൻസലോട്ടി മധ്യനിരയിലെ തന്‍റെ വിശ്വസ്ത പോരാളി ലൂക്കാ മോഡ്രിച്ചിനെ കളത്തിലിറക്കി.