ബെംഗളൂരു: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ജീവൻമരണപ്പോരാട്ടത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ഇറങ്ങും. കണക്കുകളില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ ഇരു കൂട്ടര്‍ക്കും ഇന്ന് ജയിച്ചേ മതിയാകു. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
തുടര്‍തോല്‍വികളില്‍ നിന്നും കരകയറിയ ആര്‍സിബി തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഇന്ന് സ്വന്തം തട്ടകത്തില്‍ ലക്ഷ്യമിടുന്നത്. പോയിന്‍റ് പട്ടികയില്‍ നിലവിലെ ഏഴാം സ്ഥാനക്കാരായ ബെംഗളൂരുവിന് 12 കളിയില്‍ 10 പോയിന്‍റാണ് ഉള്ളത്. ഇന്നത്തെ ആദ്യ മത്സരത്തില്‍ രാജസ്ഥാൻ ചെന്നൈയെ പരാജയപ്പെടുത്തുകയും ചിന്നസ്വാമിയില്‍ ഡല്‍ഹിക്കെതിരെ ജയിക്കുകയും ചെയ്‌താല്‍ അവര്‍ക്ക് ആദ്യ നാലിലേക്ക് എത്താം.
വിരാട് കോലിയുടെ ഫോമാണ് ആര്‍സിബിയുടെ കരുത്ത്. വില്‍ ജാക്‌സും ഫാഫ് ഡുപ്ലെസിസും വീണ്ടും മികവ് ആവര്‍ത്തിച്ചാല്‍ ബാറ്റിങ്ങില്‍ അവര്‍ക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടി വരില്ല. കാമറൂണ്‍ ഗ്രീനും രജത് പടിദാറും താളം കണ്ടെത്തിയതും ടീമിന് ആശ്വാസം. ബൗളര്‍മാരും ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നത് ആര്‍സിബിക്ക് ആശ്വസിക്കാൻ വക നല്‍കുന്നതാണ്.
വിലക്ക് ഉള്ളതിനാല്‍ സ്ഥിരം നായകൻ റിഷഭ് പന്ത് ഇല്ലാതെയാകും ഡല്‍ഹി ഇന്ന് ആര്‍സിബിയെ നേരിടുന്നത്. പന്തിന്‍റെ അഭാവത്തില്‍ അക്‌സര്‍ പട്ടേലിനാണ് ടീമിനെ നയിക്കാനുള്ള ചുമതല. പന്ത് കളിക്കാനിറങ്ങാത്ത സാഹചര്യത്തില്‍ ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്, അഭിഷേക് പോറെല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ക്ക് ഉത്തരവാദിത്തം കൂടും. എന്നാല്‍, ചിന്നസ്വാമിയിലെ ബാറ്റിങ്ങ് പറുദീസയില്‍ ഇവര്‍ മൂവരും തകര്‍ത്തടിച്ചാല്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് വിയര്‍ക്കേണ്ടിവരും.