പുനെ: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടര്‍ മത്സരത്തില്‍ കേരളത്തിനെതിരെ ജമ്മു കശ്‌മീര്‍ ഒന്നാം ഇന്നിങ്സില്‍ 95.1 ഓവറില്‍ 280 റണ്‍സിന് പുറത്ത്. അവസാന രണ്ടു വിക്കറ്റിൽ 70 റൺസാണ് ജമ്മു കശ്‌മീരിന്‍റെ വാലറ്റം കൂട്ടിച്ചേര്‍ത്തത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലാണ് ഇന്നലെ കളി അവസാനിപ്പിച്ചത്. പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്നലെ മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ജമ്മു കശ്മീർ, 52 റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത്. 80 പന്തിൽ 48 റൺസെടുത്ത കനയ്യ വധാവനാണ് ടീമിന്‍റെ ടോപ് സ്കോറർ. കേരളത്തിനായി എം.ഡി. നിധീഷ് 75 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്തു.
യുദ്ധവീർ സിങ് (31 പന്തിൽ 26), ആഖിബ് നബി (30 പന്തിൽ 32), ഉമർ നസീർ (പുറത്താകാതെ 24) എന്നിവരാണ് വാലറ്റത്ത് നിന്ന് പൊരുതിയത്. യുദ്ധവീറിനെ നിധീഷും ആഖിബിനെ ആദിത്യ സർവതെയുമാണ് പവലിയനിലേക്ക് അയച്ചത്. നിധീഷിന് പുറമേ രണ്ട് വിക്കറ്റ് വീഴ്ത്തി ആദിത്യ സർവാതെ തിളങ്ങിയപ്പോള്‍ എൻ പി ബേസിൽ, ബേസിൽ തമ്പി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
Also Read:രഞ്ജിയില്‍ സെഞ്ചുറി തിളക്കവുമായി കരുണ്‍ നായര്‍; സൂര്യയുടെ ഫ്ലോപ്പ് ഷോ തുടരുന്നു - KARUN NAIR SCORED A CENTURY
ജമ്മു കശ്‌മീരിനായി സഹിൽ ലോത്ര 35 റൺസും ലോൺ നസീർ മുസാഫർ 44 റൺസും സ്വന്തമാക്കി. ശുഭം ഖജൂരിയ (14), യാവർ ഹസ്സൻ (24), വിവ്രാന്ത് ശർമ (8), ക്യാപ്റ്റൻ പരസ് ദോഗ്ര (14), ആബിദ് മുഷ്താഖ് (19) എന്നിവരാണ് ഇന്നലെ പുറത്തായ മറ്റു താരങ്ങള്‍. കേരളം- ജമ്മു കശ്‌മീര്‍ മത്സരം സമനിലയിൽ കലാശിച്ചാല്‍ ഒന്നാം ഇന്നിങ്സ് ലീഡ് കണക്കിലെടുത്താകും ടീമിന്‍റെ സെമി പ്രവേശനം. അതിനാല്‍ സെമിയിലേക്ക് കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സിലെ റണ്‍സ് നിർണായകമാകും.