പാരീസ്: ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരേ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രമുഖ ഇന്ത്യൻ അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 മണിയോടെ (പാരീസ് സമയം രാവിലെ 9. 30) കേസ് കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. നിയമപരവും നടപടിക്രമപരവുമായ വശങ്ങൾ ചൂണ്ടിക്കാട്ടുന്നതിലുള്ള സാൽവെയുടെ വൈദഗ്ധ്യം നിർണായകമാകും.
ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലായ സാല്‍വെയാണ് എഎൻഐയോട് ഇക്കാര്യം അറിയിച്ചത്. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്‌സിൽ (സിഎഎസ്) ഫോഗട്ടിനെ പ്രതിനിധീകരിക്കാൻ ഐ.ഒ.എ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാൽവെയെ കൂടാതെ പാരീസ് ബാറിൽ നിന്ന് നാല് അഭിഭാഷകരും വിനേഷിന് വേണ്ടി ഹാജരാകുമെന്നാണ് വിവരം.
ഒളിമ്പിക്‌സ് സമയത്ത് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സിഎഎസ്, പ്രസിഡന്‍റ് മൈക്കൽ ലെനാർഡിന്‍റെ നേതൃത്വത്തിൽ പാരീസിൽ ഒരു അഡ്‌ഹോക്ക് ഡിവിഷൻ രൂപീകരിച്ചു. 17-ആം അറോണ്ടിസ്‌മെന്‍റിലെ പാരീസ് ജുഡീഷ്യൽ കോടതിയിലാണ് ഈ ഡിവിഷൻ സ്ഥിതി ചെയ്യുന്നത്.
ഒളിമ്പിക്‌സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ഇന്നലെ വിനേഷ് ഫോഗട്ട് ഗുസ്‌തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനവും നടത്തി. അയോഗ്യയാക്കിയതിനെ തുടര്‍ന്ന് വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് ഫോഗട്ട് അപ്പീൽ നൽകിയത്. വിധി അനുകൂലമായാല്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ നീരജ് ചോപ്രയുടെ വെള്ളിക്കൊപ്പം വിനേഷിന്‍റെ വെള്ളിയും ഇടംപിടിക്കും.
Read More:ജാവലിൻ വാങ്ങാൻ പണമില്ല, സഹായിച്ചത് നാട്ടുകാര്‍; അര്‍ഷാദ് നദീമിന്‍റെ 'സുവര്‍ണ നേട്ടം' അവര്‍ക്കും സ്വന്തം - Arshad Nadeem Journey To Gold Medal