ന്യൂഡൽഹി:പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഏഴാം മെഡല്‍. പുരുഷന്മാരുടെ ഹൈജമ്പ് ടി47 ഇനത്തിൽ നിഷാദ് കുമാർ മിന്നുന്ന പ്രകടനം നടത്തി വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി.ഈ ഇനത്തിൽ നിഷാദിന്റെ ഏറ്റവും ഉയർന്ന ചാട്ടം 2.04 മീറ്ററായിരുന്നു. സീസണിലെ ഏറ്റവും മികച്ച ചാട്ടം കൂടിയാണ്. അമേരിക്കയുടെ റോഡ്രിക് ടൗൺസെൻഡ് 2.12 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ ന്യൂട്രൽ പാരാലിമ്പിക് താരങ്ങളെ പ്രതിനിധീകരിച്ച് ജോർജി മാർഗീവ് 2.00 മീറ്റർ ചാടി വെങ്കലമെഡൽ നേടി.
മൂന്ന് വർഷം മുമ്പ് ടോക്കിയോ പാരാലിമ്പിക്സിലും നിഷാദ് വെള്ളി മെഡൽ നേടിയിരുന്നു. നേരത്തെ നടന്ന മത്സരത്തില്‍ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റായി പ്രീതി പാൽ ചരിത്രം സൃഷ്ടിച്ചു.