കേരളം

kerala

ETV Bharat / sports

എന്തൊക്കെയാ ഈ 'കുട്ടി' ലോകകപ്പില്‍ നടക്കുന്നേ...! സൂപ്പര്‍ ഓവറില്‍ പാകിസ്ഥാനെ വീഴ്‌ത്തി യുഎസ് തേരോട്ടം - Pakistan vs USA Result

ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് യുഎസ്എ. യുഎസിന്‍റെ ജയം സൂപ്പര്‍ ഓവറില്‍.

By ETV Bharat Kerala Team

Published : Jun 7, 2024, 7:13 AM IST

T20 WORLD CUP 2024  SAURABH NETRAVALKAR  പാകിസ്ഥാൻ അമേരിക്ക  ടി20 ലോകകപ്പ്
PAKISTAN VS USA (AP Photo)

ഡാളസ്: ടി20 ലോകകപ്പില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളും മുൻ ചാമ്പ്യന്മാരുമായ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡാളസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് യുഎസ്എ പാകിസ്ഥാനെ കീഴടക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ പാകിസ്ഥാൻ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയത് 159 റണ്‍സ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎസ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ പാക് സ്കോറിനൊപ്പം പിടിച്ചു. പിന്നാലെ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്‌ത യുഎസ് 19 റണ്‍സ് വിജയലക്ഷ്യം ബാബര്‍ അസമിനും കൂട്ടര്‍ക്കും മുന്നിലേക്ക് വച്ചു. ഇത് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ നേടാൻ സാധിച്ചത് 13 റണ്‍സ് മാത്രമായിരുന്നു.

മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ 24 പന്തില്‍ 34 റണ്‍സ് മാത്രം മതിയായിരുന്നു യുഎ സിന് ജയം സ്വന്തമാക്കാൻ. എന്നാല്‍ നസീം ഷാ, ഷഹീൻ അഫ്രീദി, മുഹമ്മദ് ആമിര്‍ എന്നീ പാക് ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാൻ പിശുക്ക് കാണിച്ച് കൃത്യതയോടെ പന്തെറിഞ്ഞതോടെയാണ് മത്സരം ആവേശത്തിലേക്ക് നീങ്ങിയത്. 15 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ആരോണ്‍ ജോണ്‍സും നിതീഷ് കുമാറും ചേര്‍ന്ന് 14 റണ്‍സ് എടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.

സൂപ്പര്‍ ഓവറില്‍ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിങ്ങുമാണ് യുഎസിനായി ബാറ്റ് ചെയ്യാൻ എത്തിയത്. പാകിസ്ഥാനായി പന്തെറിഞ്ഞത് വെറ്ററൻ പേസര്‍ മുഹമ്മദ് ആമിറും. പാകിസ്ഥാന്‍റെ ഇടം കയ്യൻ പേസറെ സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ തന്നെ ആരോണ്‍ ജോണ്‍സ് ബൗണ്ടറി കടത്തി. രണ്ടാം പന്തില്‍ ഡബിളും മൂന്നാം പന്തില്‍ സിംഗിളുമെടുത്ത് ജോണ്‍സ് സ്ട്രൈക്ക് കൈമാറി.

ഹര്‍മീത് സിങ്ങിനെതിരായ ആദ്യ പന്ത് വൈഡ് ആകുകയും യുഎസ് ഒരു റണ്‍സ് ഓടി എടുക്കുകയും ചെയ്‌തു. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. ആമിറിന്‍റെ അടുത്ത പന്തും വൈഡ്. അവിടെയും ഒരു റണ്‍ കൂടി യുഎസ് ബാറ്റര്‍മാര്‍ ഓടിയെടുത്തു. അഞ്ചാം പന്തില്‍ ജോണ്‍സ് രണ്ട് റണ്‍സ് നേടിയതിന് പിന്നാലെ വീണ്ടും ആമിര്‍ വൈഡ് എറിഞ്ഞു. അവസാന പന്തില്‍ രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ ഹര്‍മീത് റണ്‍ഔട്ട് ആയെങ്കിലും യുഎസ് സ്കോര്‍ ബോര്‍ഡിലേക്ക് അപ്പോള്‍ തന്നെ 18 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു.

ഇഫ്‌തിഖര്‍ അഹമ്മദും ഫഖര്‍ സമാനും ചേര്‍ന്നാണ് പാകിസ്ഥാന് വേണ്ടി സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയത്. നേത്രവാള്‍ക്കര്‍ ആയിരുന്നു ബൗളര്‍. യുഎസ് താരത്തിന്‍റെ ആദ്യ പന്തില്‍ ഇഫ്‌തിഖാറിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. അടുത്ത പന്ത് ഫോര്‍ അടിച്ചുകൊണ്ടായിരുന്നു പാക് താരം നേത്രാവാള്‍ക്കറിന് മറുപടി നല്‍കിയത്.

പിന്നാലെ, അടുത്ത പന്ത് വൈഡായി. എന്നാല്‍, മൂന്നാം പന്തില്‍ നേത്രാവാളിനെ അതിര്‍ത്തി കടത്താനുള്ള ഇഫ്‌തിഖാറിന്‍റെ ശ്രമം ചെന്ന് അവസാനിച്ചത് മലിന്ദ് കുമാറിന്‍റെ കൈകളില്‍. പിന്നീട് എത്തിയ ഷദാബ് ഖാൻ നാലാം പന്തില്‍ ബൗണ്ടറി നേടി പ്രതീക്ഷ നല്‍കി. എന്നാല്‍, അവസാന രണ്ട് പന്തും കൃത്യതയോടെ എറിഞ്ഞ് നേത്രാവാള്‍ക്കര്‍ യുഎസിന് ചരിത്രജയം സമ്മാനിക്കുകയായിരുന്നു. പാകിസ്ഥാന്‍റെ പിഴവുകള്‍ കൃത്യമായി മുതലെടുക്കാൻ സാധിച്ചതാണ് മത്സരത്തില്‍ യുഎസിനെ തുണച്ചത്.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ പാകിസ്ഥാനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത് ക്യാപ്‌റ്റൻ ബാബര്‍ അസം (43 പന്തില്‍ 44), ഷദാബ് ഖാൻ (25 പന്തില്‍ 40), ഷഹീൻ അഫ്രീദി (16 പന്തില്‍ 23) എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളാണ്. മുഹമ്മദ് റിസ്‌വാൻ (9), ഉസ്‌മാൻ ഖാൻ (3), ഫഖര്‍ സമാൻ (11), അസം ഖാൻ (0), ഇഫ്‌തിഖര്‍ അഹമ്മദ് (18), ഹാരിസ് റൗഫ് (3*) എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ സ്കോറുകള്‍. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ നോസ്‌തുഷ് കെൻജിഗെയും രണ്ട് വിക്കറ്റെടുത്ത സൗരഭ് നേത്രവാള്‍ക്കറും ചേര്‍ന്നാണ് മത്സരത്തില്‍ പാകിസ്ഥാനെ വരിഞ്ഞുമുറുക്കിയത്.

മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്‌റ്റൻ മൊണാങ്ക് പട്ടേലിന്‍റെയും (38 പന്തില്‍ 50) 26 പന്തില്‍ 36 റണ്‍സ് നേടി പുറത്താകാതെ നിന്ന ആരോണ്‍ ജോണ്‍സ്, 35 റണ്‍സ് നേടിയ ആന്‍ഡ്രിസ് ഗൂസ് എന്നിവരുടെയും പ്രകടനങ്ങളാണ് യുഎസിനെ പാകിസ്ഥാൻ സ്കോറിനൊപ്പമെത്തിച്ചത്. പാകിസ്ഥാന് വേണ്ടി പന്തെറിഞ്ഞ നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളാണ് മത്സരത്തില്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനും യുഎസിന് സാധിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details