ഹൈദരാബാദ്:ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ ആവേശം പറയേണ്ടതില്ലല്ലോ. ഇരുടീമുകള്‍ തമ്മിലുള്ള മത്സരം ലോകത്ത് എവിടെ നടന്നാലും ടിക്കറ്റുകൾ വൻതോതിൽ വിറ്റഴിക്കപ്പെടും. നിമിഷങ്ങൾക്കുള്ളിൽ ചൂടപ്പം പോലെയാണ് ഇല്ലാതാകുന്നത്. വൻതോതിൽ ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്. ഒരിക്കൽ അപ്രതീക്ഷിതമായ ഒരു സംഭവം ഇന്ത്യ-പാക് മത്സരത്തിനുണ്ടായി. വളരെ കുറച്ച് കാണികൾ മാത്രമാണ് കാണാനെത്തിയത്. 28 വർഷം മുമ്പാണ് ഈ സംഭവം.
1996 സെപ്റ്റംബർ 16-ന് കാനഡയിലെ ടൊറന്‍റോയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ഏകദിന മത്സരം നടന്നു. മത്സരം മഴ തടസ്സപ്പെടുത്തി. തൽഫലം, 750 കാണികൾ മാത്രമാണ് സ്റ്റേഡിയത്തിലെത്തി മത്സരം വീക്ഷിച്ചത്. ഒരുപക്ഷേ ഇതാദ്യമായിരിക്കാം ഇത്രയും ചെറിയ ജനക്കൂട്ടം ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം കാണാനെത്തുന്നത്.
മഴ കാരണം മത്സരം 33 ഓവറാക്കി ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. സയീദ് അൻവർ (46) ടോപ് സ്കോററായി. ശ്രീനാഥും അനിൽ കുംബ്ലെയും മൂന്ന് വിക്കറ്റ് വീതവും വെങ്കിടേഷ് പ്രസാദ് രണ്ട് വിക്കറ്റും വീഴ്ത്തി.