ക്രിക്കറ്റ് ലോകത്തിന് ഏറെ സുപരിചിതമാണ് മുൻ ഇന്ത്യൻ നായന്മാരായ മഹേന്ദ്രസിങ് ധോണിയും വിരാട് കോലിയും തമ്മിലുള്ള ആത്മബന്ധം. ആരാധകര്‍ക്കിടയില്‍ 'മഹിരാട്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൗഹൃദത്തെ കുറിച്ച് വിരാട് കോലി പലപ്പോഴായി തുറന്നുസംസാരിച്ചിട്ടുണ്ട്. തന്‍റെ കരിയറിലെ ഏറ്റവും മോശം സമയത്തുപോലും ധോണി നല്‍കിയിട്ടുള്ള പിന്തുണകളെ കുറിച്ച് കോലി നേരത്തെ വ്യക്തമാക്കിയതാണ്.
ഇക്കാര്യത്തില്‍ വളരെ വിരളമായിട്ട് മാത്രമെ ധോണി പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ളു. എന്നാല്‍, ഇപ്പോള്‍ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ നായകൻ. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ധോണി വിരാട് കോലിയെ കുറിച്ച് സംസാരിച്ചത്. ധോണിയുടെ വാക്കുകള്‍ ഇങ്ങനെ...
'2008-09 കാലഘട്ടം മുതല്‍ ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ പ്രായത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ വിരാടിന്‍റെ സഹോദരനെന്നോ, സഹപ്രവര്‍ത്തകനെന്നോ അല്ലെങ്കില്‍ നിങ്ങള്‍ എന്ത് പേരിടുന്നോ അതില്‍ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഏറെക്കാലം ഇന്ത്യയ്‌ക്കായി കളിച്ച സഹപ്രവര്‍ത്തകരാണ് ഞങ്ങള്‍. ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം'- എന്നായിരുന്നു ധോണിയുടെ പ്രതികരണം. വിരാട് കോലിയുടെ ബാറ്റിങ്, ഫിറ്റ്‌നസ്, താരത്തിന് ഗെയിമിനോടുള്ള അഭിനിവേശം എന്നിവയെ മുന്‍പും പലപ്പോഴായി ധോണി പുകഴ്‌ത്തിയിട്ടുണ്ട്.
കളിക്കളത്തിനുള്ളില്‍ ക്യാപ്‌റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ടീം അംഗങ്ങള്‍ എന്ന നിലയിലും നിരവധി അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളാണ് ധോണിയും കോലിയും ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ദുഷ്ക്കരമായ പല സാഹചര്യങ്ങളിലും ഇരുവരുടെയും കൂട്ടുകെട്ടുകള്‍ ടീമിന് ജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ആക്രമണോത്സുകമായ കോലിയുടെ സമീപനവും ധോണിയുടെ പരിചയ സമ്പത്തുമാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇരുവരെയും മികച്ച ജോഡികളാക്കി മാറ്റിയത്.
Also Read :റിതുരാജിനെക്കൊണ്ട് ഒറ്റയ്‌ക്ക് പറ്റില്ല... അടുത്ത സീസണിലും ധോണി ചെന്നൈയില്‍ കളിക്കണമെന്ന് സുരേഷ് റെയ്‌ന