ന്യൂഡല്‍ഹി :ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി ഗുജറാത്ത് ടൈറ്റൻസിന്‍റെ വെറ്ററൻ പേസര്‍ മോഹിത് ശര്‍മ. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായി നടന്ന മത്സരത്തിലാണ് മോഹിത് ശര്‍മ നാണക്കേടിന്‍റെ റെക്കോഡ് പട്ടികയില്‍ ഇടം പിടിച്ചത്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ മോഹിത് 73 റണ്‍സാണ് വിട്ടുകൊടുത്തത്.
18.25 എക്കോണമി റേറ്റില്‍ പന്തെറിഞ്ഞ മോഹിത് ശര്‍മയ്‌ക്ക് വിക്കറ്റുകള്‍ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. ഡല്‍ഹി ഇന്നിങ്‌സിലെ അവസാന ഓവറായിരുന്നു മോഹിത് ശര്‍മയ്‌ക്ക് തിരിച്ചടി സമ്മാനിച്ചത്. മോഹിത്തിന്‍റെ സ്പെല്ലിലെ അവസാനത്തെയും മത്സരത്തിലെ 20-ാമത്തെയും ഓവറില്‍ റിഷഭ് പന്ത് നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ 30 റണ്‍സ് അടിച്ചെടുത്തു. ഒരു വൈഡ് ഉള്‍പ്പടെ 31 റണ്‍സായിരുന്നു താരം ഈ ഓവറില്‍ വഴങ്ങിയത്.
ഇതോടെ, മലയാളി താരം ബേസില്‍ തമ്പിയ്‌ക്ക് നാണക്കേടിന്‍റെ ഈ റെക്കോഡില്‍ നിന്നും മോചനവും ലഭിച്ചിരിക്കുകയാണ്. 2018ലെ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ബേസില്‍ തമ്പി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 70 റണ്‍സ് വഴങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റൻസിന്‍റെ യാഷ് ദയാല്‍ മോശം റെക്കോഡിന് അരികില്‍ വരെ എത്തുകയും ചെയ്‌തിരുന്നു. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 69 റണ്‍സായിരുന്നു ദയാല്‍ വഴങ്ങിയത്.