അഡ്‌ലെയ്‌ഡ്: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് കഴിഞ്ഞ ദിവസം അഡ്‌ലെയ്‌ഡില്‍ തുടക്കമായിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയെ 180 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയ ഓസീസിന്‍റെ മറുപടി പുരോഗിമിക്കവെയാണ് ആദ്യ ദിനത്തില്‍ സ്റ്റംപെടുത്തത്. ഓസീസ് ബാറ്റര്‍മാര്‍ പ്രതിരോധം തുടര്‍ന്നതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്ന കാഴ്‌ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനിടെ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മര്‍നസ് ലബുഷെയ്‌ന് നേരെ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് പന്ത് വലിച്ചെറിയുന്ന ഒരു സംഭവവുമുണ്ടായി. ഓസീസ് ഇന്നിങ്‌സിന്‍റെ 25-ാം ഓവറിലാണ് സിറാജിന് നിയന്ത്രണം വിട്ടത്. പന്തെറിയാനായി സിറാജ് ഓടിയെത്തുന്നതിനിടെ ലബുഷെയ്ന്‍ ക്രീസില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഇതില്‍ പ്രകോപിതനായ സിറാജ്, പന്ത് വലിച്ചെറിയുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. എന്നാല്‍ സിറാജ് പന്തെറിയാന്‍ എത്തുന്നതിനിടെ സൈറ്റ് സ്‌ക്രീനിന് മുന്നിലൂടെ ഒരു ബിയര്‍ സ്‌നേക്കുമായി ഒരാള്‍ നടന്ന് നീങ്ങുന്നുണ്ടായിരുന്നു.
ഇതു കാഴ്ച്ചയേയും ഏകാഗ്രതയേയും ബാധിച്ചതോടെയായിരുന്നു ലബുഷെയ്‌ന്‍റെ പിന്മാറ്റം. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഓസീസ് ബാറ്റര്‍ ശ്രമം നടത്തിയെങ്കിലും സിറാജിന് തന്‍റെ രോഷം നിയന്ത്രിക്കാന്‍ കഴിഞ്ഞതേയില്ല. ഇതുമായി ബന്ധപ്പെട്ട് സിറാജിന് നേരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.
ALSO READ: ഈ വർഷം ടെസ്റ്റ് വിക്കറ്റിൽ 'ഫിഫ്റ്റി'; അപൂര്‍വ പട്ടികയില്‍ ഇടം നേടി ബുംറ, കൂടെ കപിലും സഹീറും മാത്രം
അതേസമയം അഡ്‌ലെയ്‌ഡില്‍ അരങ്ങേറുന്ന പിങ്ക് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. നിതീഷ് കുമാര്‍ റെഡ്ഡി 54 പന്തില്‍ 42 റണ്‍സ് നേടിക്കൊണ്ട് ഇന്ത്യയുടെ ടോപ് സ്‌കോററായി. കെഎല്‍ രാഹുല്‍ (64 പന്തില്‍ 37), ശുഭ്‌മാന്‍ ഗില്‍ (51 പന്തില്‍ 31), റിഷഭ് പന്ത് (35 പന്തില്‍ 21), ആര്‍ അശ്വിന്‍ (22 പന്തില്‍ 22) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍.