മുംബൈ:ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് മോഹങ്ങളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് കളത്തിലേക്ക്. പ്ലേ ഓഫില്‍ നിന്നും ഇതിനകം പുറത്തായ മുംബൈ ഇന്ത്യൻസാണ് എതിരാളി. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് കളി തുടങ്ങുക.
തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കൊടുവില്‍ അവസാന മത്സരത്തില്‍ ജയം നേടാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സീസണിലെ 10 കളിയില്‍ ആറിലും ജയിച്ച് 12 പോയിന്‍റോടെ ലീഗ് ടേബിളില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ടീമുള്ളത്. പ്ലേ ഓഫ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിന് ജയം അനിവാര്യമാണ്.
വീര്യം അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബാറ്റിങ്ങ് നിരയെ ഒരിക്കലും എഴുതി തള്ളാനാകില്ല. ട്രാവിസ് ഹെഡ് വീണ്ടും റണ്‍സ് കണ്ടെത്തി തുടങ്ങിയത് ടീമിന് ആശ്വാസമാണ്. അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ടും മുന്നോട്ടുള്ള യാത്രയില്‍ ഹൈദരാബാദിന് നിര്‍ണായകമായേക്കും.
ഫോമില്‍ അല്ലാത്ത എയ്‌ഡൻ മാര്‍ക്രമിനെ പ്ലേയിങ് ഇലവനില്‍ നിന്നും നീക്കി പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാൻസനെ കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് ടീമിലേക്ക് എത്തിച്ചിരുന്നു. രാജസ്ഥാൻ റോയല്‍സിനെതിരെ അവസാന മത്സരം കളിച്ച നാല് വിദേശികളും ഇന്നും ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും മികവിലേക്ക് ഉയര്‍ന്നത് ടീമിന് ആശ്വാസം നല്‍കുന്നു.