മുംബൈ :കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് ഐപിഎല്ലില്‍ നിന്നും പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. വാങ്കഡെ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 24 റണ്‍സിനായിരുന്നു മുംബൈ പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത 169 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ മുംബൈ 145 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു.
ഇതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങള്‍ക്കും തിരശീല വീണത്. മുംബൈ കൊല്‍ക്കത്തയോട് തോറ്റെങ്കിലും മത്സരത്തിലെ ടോസ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുകയാണ് ആരാധകര്‍. മത്സരത്തില്‍, ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ ഹാര്‍ദിക് പാണ്ഡ്യ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
നേരത്തെ, വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ - ആര്‍സിബി മത്സരത്തിലെ ടോസ് ഏറെ വിവാദമായതാണ്. ഈ മത്സരത്തില്‍ ടോസ് ലഭിച്ചത് ബെംഗളൂരുവിനാണെന്നും എന്നാല്‍, മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്‍റെ വഴിവിട്ട സഹായം മുംബൈയ്‌ക്ക് അനുകൂലമായി മാറുകയായിരുന്നുവെന്നായിരുന്നു ആരാധകരുടെ വാദം. ഇക്കാര്യം ഏറെ വിവാദമായതിന് പിന്നാലെ പിന്നീട് നടന്ന മത്സരങ്ങളില്‍ എല്ലാം തന്നെ ടോസിന് ശേഷം ക്യാമറ കോയിനിലേക്ക് സൂം ചെയ്യുമായിരുന്നു. ഇതിന് ശേഷമാകും മാച്ച് റഫറി കോയിൻ കയ്യിലെടുക്കുക.
എന്നാല്‍, ഇന്നലെ നടന്ന മുംബൈ - കൊല്‍ക്കത്ത മത്സരത്തില്‍ കോയിൻ സൂം ചെയ്‌ത് കാണിക്കുന്നത് മാച്ച് റഫറി പങ്കജ് ധര്‍മാനി തടസപ്പെടുത്തിയെന്നാണ് ഉയരുന്ന ആരോപണം. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു മത്സരത്തില്‍ ടോസിട്ടത്. പിച്ചിന് പുറത്തേക്ക് വീണ കോയിൻ ക്യാമറയില്‍ സൂം ചെയ്‌ത് കാണിക്കുന്നതിന് മുന്‍പ് ക്യാമറയുടെ കാഴ്‌ച മറച്ചുകൊണ്ട് മാച്ച് റഫറി കയ്യിലെടുത്ത് ടോസ് മുംബൈ ജയിച്ചതായി അറിയിച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.
പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ മുംബൈയ്‌ക്ക് ജയം ആവശ്യമായിരുന്ന മത്സരമായിരുന്നു ഇത്. അതുകൊണ്ട് ടോസ് ലഭിച്ച മുംബൈ ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യ ആദ്യം ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ജസ്‌പ്രീത് ബുംറ, നുവാൻ തുഷാര, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ പന്തുകൊണ്ട് തിളങ്ങിയ മത്സരത്തില്‍ കൊല്‍ക്കത്തയെ 19.5 ഓവറില്‍ 169 റണ്‍സില്‍ ഓള്‍ഔട്ടാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു.
മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയുടെ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന് വീഴുകയായിരുന്നു മുംബൈ. 35 പന്തില്‍ 56 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന് മാത്രമായിരുന്നു മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായത്.
Also Read :പേപ്പറിലെ കരുത്തര്‍, ഗ്രൗണ്ടില്‍ വട്ടപ്പൂജ്യം; ഹാര്‍ദിക് പാണ്ഡ്യയേയും കൂട്ടരെയും പൊരിച്ച് ഇര്‍ഫാൻ പത്താൻ - Irfan Pathan On Hardik Captaincy