ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആദ്യം ഫിഫയുടെ അച്ചടക്ക നടപടിയെ തുടർന്ന് കളിക്കാൻ കഴിയാതിരുന്ന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ടീമിൽ തിരിച്ചെത്തി. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് നടത്തിയ മോശം പെരുമാറ്റം കണക്കിലെടുത്തായിരുന്നു നടപടി.
സെപ്റ്റംബറില്‍ ചിലിക്കെതിരെ അര്‍ജന്‍റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. അന്ന് കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ് തന്നെ ചേര്‍ത്തുപിടിച്ച് അശ്ലീലപ്രകടനം നടത്തിയാണ് താരം വിജയമാഘോഷിച്ചത്. ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് കിരീടം നേടിയപ്പോഴും മാര്‍ട്ടിനെസ് ഇതേ പോലെ പെരുമാറിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 10-ന് വെനസ്വേലക്കെതിരെയും 15-ന് ബൊളീവിയക്കെതിരെയുമുള്ള മത്സരങ്ങള്‍ മാര്‍ട്ടിനസിന് നഷ്ടമായി.
നവംബർ 15ന് പരാഗ്വയ്ക്കെതിരെയും 20ന് പെറുവിനെതിരെയുമാണ് അർജന്‍റീനയുടെ യോഗ്യതാ മത്സരങ്ങൾ. കഴിഞ്ഞ കളിയില്‍ ബൊളീവിയക്കെതിരേ തകര്‍പ്പന്‍ ജയം അര്‍ജന്‍റീന സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ടീമിന്‍റെ ജയം യോഗ്യതാ റൗണ്ടിൽ 10 മത്സരങ്ങൾ കഴിഞ്ഞപ്പോള്‍ ഏഴ് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമാണുള്ളത്. പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് മെസ്സിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം.