ലണ്ടൻ:പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം കടുപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ ദിവസം സീസണിലെ 32-ാം റൗണ്ട് മത്സരത്തിന് ഇറങ്ങിയ അവര്‍ ലൂട്ടണ്‍ ടൗണിനെ തകര്‍ത്തിരുന്നു. ഇതോടെ ആഴ്‌സണല്‍, ലിവര്‍പൂള്‍ ടീമുകളെ പിന്നിലാക്കി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും സിറ്റി എത്തി.
സീസണില്‍ ഇതുവരെ 32 മത്സരം കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 22 ജയങ്ങളാണ് സ്വന്തമാക്കിയത്. 73 പോയിന്‍റാണ് നിലവിലെ ഒന്നാം സ്ഥാനക്കാരായ സിറ്റിയ്‌ക്കുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ച ആഴ്‌സണലിനും ലിവര്‍പൂളിനും 71 പോയിന്‍റാണ് നിലവില്‍.
32-ാം റൗണ്ട് മത്സരങ്ങള്‍ക്കായി ഇന്ന് ഇരു ടീമും കളത്തിലിറങ്ങുന്നത് കൊണ്ട് തന്നെ പോയിന്‍റ് പട്ടിക ഇനിയും മാറി മറിയാം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസാണ് ലിവര്‍പൂളിന്‍റെ എതിരാളികള്‍. പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ആസ്റ്റണ്‍വില്ലയെ ആണ് നിര്‍ണായക പോരാട്ടത്തില്‍ ആഴ്‌സണല്‍ നേരിടുന്നത്.
അതേസമയം, ലൂട്ടണ്‍ ടൗണിനെതിരായ മത്സരത്തില്‍ 5-1 എന്ന സ്കോറിന്‍റെ വമ്പൻ ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. എത്തിഹാദ് സ്റ്റേഡിയത്തില്‍ സന്ദര്‍ശകരായെത്തിയ ലൂട്ടണ്‍ ടൗണിനെ നിഷ്‌ഭ്രമമാക്കുന്നതായിരുന്നു സിറ്റിയുടെ പ്രകടനം.