മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൊടിപിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി വിദഗ്ധർ വിഷയത്തില്‍ അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്.
യശസ്വി ജയ്‌സ്വാളിനും ശുഭ്‌മാന്‍ ഗില്ലിനും കൃഷ്‌ണമാചാരി ശ്രീകാന്ത് തെരഞ്ഞെടുത്ത ടീമില്‍ ഇടം ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്. വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ്. ശിവം ദുബെ, കെഎല്‍ രാഹുല്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. വിക്കറ്റ് കീപ്പറുടെ ചുമതലയും രാഹുലിനാണ്.
ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെത്തും. സ്‌പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് കളിക്കുക. ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ് യൂണിറ്റില്‍ ആവേശ് ഖാന്‍, അര്‍ഷ് ദീപ് സിങ് എന്നിവര്‍ക്കാണ് ശ്രീകാന്ത് അവസരം നല്‍കിയിരിക്കുന്നത്. ഏറ്റവും രസകരകമായ കാര്യമെന്തെന്നുവച്ചാല്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ശ്രീകാന്ത് ഒഴിച്ചിട്ടിരിക്കുകയാണ്.
സഞ്ജു സാംസണും റിഷഭ് പന്തും തമ്മില്‍ കടുത്ത മത്സരം നടക്കുന്നതിനാലാണ് ഇവരില്‍ ഒരാളെ ശ്രീകാന്ത് തിരഞ്ഞെടുക്കാതിരുന്നത്. റിങ്കു സിങ്, അക്‌സർ പട്ടേൽ, ടി നടരാജന്‍ എന്നിവരെയും റിസര്‍വ് താരങ്ങളായി ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ ശ്രീകാന്ത് തന്‍റെ സ്‌ക്വാഡില്‍ ചേര്‍ത്തിട്ടുണ്ട്.