കൊച്ചി: കഷ്‌ടകാലത്തിലൂടെ കടന്നുപോകുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായക പോരാട്ടം. തുടര്‍പരാജയങ്ങള്‍ക്കിടയിലെ പാതിവഴിയില്‍ പരിശീലകരും പടിയിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകത്തിൽ മുഹമ്മദൻസ് സ്‌പോർടിങ് ക്ലബ്ബിനെയാണ് നേരിടേണ്ടി വരിക. നിരാശരായ ആരാധകര്‍ക്ക് കലൂരിലെ പോരാട്ടം വീണ്ടുമൊരു പ്രതീക്ഷയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ് പട്ടികയിൽ പത്താം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. സീസണിലെ 12 കളികളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ടീം ജയിച്ചത്. രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ് ഏഴെണ്ണത്തിലാണ് തോറ്റത്. രാത്രി 7.30ന് കളിക്കളത്തില്‍ മത്സരത്തിന് ഫിസിൽ മുഴങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മാജിക് ഉണ്ടാകുമോയെന്ന് കണ്ടറിയാം.
തുടര്‍തോല്‍വികള്‍ക്കിടയില്‍ ആരാധക കൂട്ടായ്‌മയായ മഞ്ഞപ്പട ബഹിഷ്‌കരണവുമായെത്തിയത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി. പിന്നാലെ പരിശീലകൻ മിഖായൽ സ്റ്റാറെ, സഹപരിശീലകരായ ബിയോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെയും പുറത്താക്കിയ വാർത്ത ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു. ഇടക്കാല പരിശീലകൻ ടി.ജി.പുരുഷോത്തമന്‍റെ കീഴിലാണ് ടീം ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.