യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നൂറോളം മത്സരങ്ങൾ കളിച്ച മോണ്ടിനെഗ്രോയുടെ മുൻ ദേശീയ താരം ഡിഫൻസീവ് മിഡ്‌ഫീല്‍ഡര്‍ ദുഷാൻ ലഗാതോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മിലോസ് ഡ്രിൻസിച്ചിനു പിന്നാലെയാണ് മറ്റൊരു മോണ്ടിനെഗ്രോ താരം കൂടിയെത്തുന്നത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇന്നലെ വൈകിട്ട് താരത്തിന്‍റെ സൈനിങ് സമൂഹമാധ്യമത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലഗാതോർ വൈകാതെ ടീമിനൊപ്പം ചേരുമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ താരത്തിന്‍റെ ഏഷ്യൻ അരങ്ങേറ്റമാകും നടക്കുക.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ സൈനിങ് കൂടിയാണിത്. സെന്‍റർ ബാക്കായും ഡിഫൻസീവ് മിഡ്‌ഫീൽഡറായും കളിക്കാൻ കഴിയുന്ന താരം നിലവിൽ ഹംഗേറിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഡെബ്രീസെനി വിഎസ്‌സിക്ക് വേണ്ടിയാണ് ബൂട്ടണിയുന്നത്.
ജൂൺ 30 വരെ ലഗാതോർ ഹംഗേറിയൻ ക്ലബ്ബുമായി കരാറുണ്ട്. 2014-ൽ മോണ്ടെനെഗ്രൻ ക്ലബായ എഫ് കെ മോഗ്രനിലൂടെയാണ് താരം പ്രൊഫഷനൽ കരിയർ ആരംഭിക്കുന്നത്. മോണ്ടിനെഗ്രോ സീനിയർ, അണ്ടർ 21, അണ്ടർ 19 ടീമുകളിലും ലഗാതോർ കളിച്ചിട്ടുണ്ട്.
പ്രതിരോധനിരയിലെ മികവുറ്റ പ്രകടനം, ടാക്ടിക്കൽ അവയർനെസ്സ്, ഏരിയൽ എബിലിറ്റി എന്നിവ കണക്കിലെടുത്താണ് താരത്തെ മഞ്ഞപ്പടയിലേക്കെത്തിച്ചത്. റഷ്യൻ പ്രീമിയർ ലീഗ് ടീമായ പിഎഫ്‌സി സോച്ചി ഉൾപ്പെടെ 7 യൂറോപ്യൻ ക്ലബ്ബുകൾക്കായും ദുഷാൻ ലഗാതോര്‍ കളിച്ചിട്ടുണ്ട്.
അതേസമയം ഈ സീസണിൽ ടീമിലെത്തിയ ഫ്രഞ്ച് താരം അലക്സാന്ദ്രെ കോയെഫ് ടീം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ലഗാതോർ എത്തുന്നത്. കോയെഫിനെ അല്ലെങ്കില്‍ ഡ്രിൻസിച് ടീം വിടുമെന്നാണു അഭ്യൂഹങ്ങൾ.
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന കളിയില്‍ ഒഡിഷ എഫ്‌സിയെ തകര്‍ത്തു. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് ടീമിന്‍റെ ജയം. ജനുവരി 18ന് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം.