ഇസ്ലാമാബാദ്:ടി20 ലോകകപ്പില്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരിന് ഇന്ന് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം വേദിയാവുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വമ്പന്‍ ഹൈപ്പുള്ള മത്സരം സംബന്ധിച്ച് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ഇതിനിടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം കമ്രാന്‍ അക്‌മല്‍.
മറ്റുടീമുകള്‍ക്കെതിരെ ഏറെ റണ്‍സടിച്ചിട്ടുള്ള സൂര്യയ്‌ക്ക് പാകിസ്ഥാനെതിരെ അതിന് കഴിഞ്ഞിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കില്‍ ഇന്ന് പാകിസ്ഥാനെതിരെ സൂര്യ റണ്‍സടിക്കട്ടെയെന്നാണ് കമ്രാന്‍റെ വെല്ലുവിളി. ഒരു ഇന്ത്യന്‍ മാധ്യമത്തോട് സംസാരിക്കവെ ഇതു സംബന്ധിച്ച് പാകിസ്ഥാന്‍റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വാക്കുകള്‍ ഇങ്ങനെ....
''വിരാട് കോലി ഇതിനകം തന്നെ അദ്ദേഹം എന്താണെന്ന് തെളിയിച്ച് കഴിഞ്ഞു. രോഹിത്തും അതുപോലെ തന്നെയാണ്. ഐസിസി ഇവന്‍റുകളില്‍ രോഹിത്, പാകിസ്ഥാനെതിരെ റണ്‍സ് നേടിയിട്ടുണ്ട്. ഇനിയിപ്പോള്‍ ഇതു സൂര്യയുടെ ഊഴമാണ്.
പാക്കിസ്ഥാനെതിരെ ഇതുവരെ വലിയ പ്രകടനം നടത്താന്‍ അവന് കഴിഞ്ഞിട്ടില്ല. മറ്റ് ടീമുകള്‍ക്കെതിരെ ധാരാളം റണ്‍സ് അടിക്കുകയും ചെയ്‌തു. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കില്‍ അവന്‍ ഇന്ന് പാകിസ്ഥാനെതിരെ റണ്‍സ് നേടട്ടെ. അവന്‍ 360 ഡിഗ്രി താരമാണെന്നതില്‍ സംശയമില്ല. സൂര്യയുടെ ബാറ്റിങ് കാണുന്നതും ഏറെ ആസ്വദ്യകരമാണ്'' കമ്രാന്‍ അക്‌മല്‍ പറഞ്ഞു.