മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League) മുംബൈ സിറ്റി എഫ്‌സിയ്‌ക്കെതിരായ (Mumbai city FC) മത്സരത്തില്‍ പിണഞ്ഞ മണ്ടത്തരത്തിന് ജംഷഡ്‌പൂര്‍ എഫ്‌സിയ്‌ക്ക് (Jamshedpur FC) നല്‍കേണ്ടി വന്നത് കനത്ത വില. മാര്‍ച്ച് എട്ടിന് സ്വന്തം തട്ടകമായ ജെആര്‍ഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ മുംബൈയെ 1-1ന് സമനിലയില്‍ പിടിക്കാന്‍ ജംഷഡ്‌പൂരിന് കഴിഞ്ഞിരുന്നു.
എന്നാല്‍ കുറഞ്ഞത് ഏഴ് ആഭ്യന്തര താരങ്ങൾ പ്ലേയിങ് ഇലവനില്‍ ഉണ്ടാവണമെന്ന നിയമം ലംഘിച്ചതോടെ ടീമിനെതിരെ അച്ചടക്ക നടപടി എടുത്തിരിക്കുകയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (All India Football Federation). സമനിലയില്‍ പിരഞ്ഞ മത്സരത്തില്‍, ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മുംബൈ സിറ്റി വിജയിച്ചതായാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതി വിധിച്ചിരിക്കുന്നത്.
മത്സരത്തില്‍ വിദേശ താരങ്ങളുടെ എണ്ണം സംബന്ധിച്ച നിയമം ജംഷഡ്‌പൂര്‍ എഫ്‌സി പാലിച്ചില്ലെന്ന് കാട്ടി മുംബൈ സിറ്റി പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് മത്സരത്തിന്‍റെ ഫലം അധികൃതര്‍ പുനര്‍നിശ്ചയിച്ചിരിക്കുന്നത്. ജംഷഡ്‌പൂര്‍ എഫ്‌സിയ്‌ക്ക് എതിരായ മത്സരത്തില്‍ വിജയിച്ചതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലീഡ് ഉയര്‍ത്താന്‍ മുംബൈ സിറ്റിക്ക് കഴിഞ്ഞു.